എക്യുമെനിക്കല്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം 26ന്
1375330
Sunday, December 3, 2023 12:32 AM IST
എടത്വ: എക്യുമെനിക്കല്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം 26ന് എടത്വ ഫൊറോനാ പള്ളി അങ്കണത്തില്‍ നടക്കും. വൈകുന്നേരം 4.30ന് വിവിധ പള്ളികളില്‍നിന്നും വിശ്വാസസമൂഹം ആനപ്രമ്പാല്‍ മാര്‍ത്തോമാ പള്ളിയില്‍ ഒത്തുചേർന്ന്, അവിടെനിന്ന് റാലിയായി എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ എത്തിച്ചേരും. 5.30ന് നടക്കുന്ന ക്രിസ്മസ് ആഘോഷം മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്യും.
സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിക്കും. മാര്‍ത്തോമാ സഭയുടെ നവാഭിഷിക്ത എപ്പിസ്കോപ്പാ മാത്യൂസ് മാര്‍ സെറാഫിം, സിഎസ്ഐ മധ്യ കേരള ഇടവക മുന്‍ അധ്യക്ഷന്‍ തോമസ് കെ. ഉമ്മന്‍ എന്നിവരെ അനുമോദിക്കും. വിവിധ പള്ളികളില്‍നിന്നും കരോള്‍ ഗാനവും കലാപരിപാടികളും നടക്കും.
വിളംബരമായി 10ന് വൈകുന്നേരം 4.30ന് എടത്വ ജംഗ്ഷനില്‍ ഫ്ളാഷ്മോബ് നടത്തും. എക്യുമെനിക്കല്‍ കൂട്ടായ്മയുടെ ആലോചന യോഗം ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ചേര്‍ന്നു. ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി വികാരി ഫാ. ഷിബു ടോം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ഫാ. ജോസഫ് കാമിച്ചേരി അധ്യക്ഷത വഹിച്ചു. ഫാ. ബെന്നി ഏബ്രഹാം, ഫാ. തോമസ് ജേക്കബ്, ഫാ. റോബിന് കെ., ഫാ. ബിജി ഗീവര്‍ഗീസ്, ഫാ. മാത്യു ജിലോ നൈനാന് എന്നിവര്‍ പ്രസംഗിച്ചു. ചികിത്സാസഹായ പദ്ധതിയിലേക്ക് എല്ലാ പള്ളികളില്‍നിന്നും ഫണ്ട് സമാഹരിക്കാനും യോഗം തീരുമാനിച്ചതായി പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ റോബിന് റ്റി. കളങ്ങര, പബ്ലിസിറ്റി കണ്‍വീനേഴ്സ് വര്‍ഗീസ് കോലത്തുപറമ്പില്‍, ചെറിയാന് പൂവക്കാട്ട്, എബി ചെറിയാന് അഞ്ചില്‍ എന്നിവര്‍ അറിയിച്ചു.