ഡോ. ജി. നാഗേന്ദ്ര പ്രഭുവിന് ആദരവ്
1375324
Sunday, December 3, 2023 12:32 AM IST
ആലപ്പുഴ: ബാങ്ക് ഓഫ് ബറോഡ 2018 മുതൽ ദേശീയതലത്തിൽ സംഘടിപ്പിച്ചു വരുന്ന കർഷക പക്ഷാചരണത്തിൽ (ബറോഡ കിസാൻ പഖ്വാഡ) ആലപ്പുഴ എസ്ഡി കോളജ് സുവോളജി വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ ഡോ. ജി. നാഗേന്ദ്ര പ്രഭുവിനെ ആദരിച്ചു.
ചേർത്തലയിൽ നടന്ന ചടങ്ങിൽ ബാങ്ക് ഓഫ് ബറോഡ ചീഫ് ജനറൽ മനേജർ ജഗൻ മോഹൻ (മുംബൈ), ജനറൽ മനേജർ ആൻഡ് സോണൽ ഹെഡ് (എറണാകുളം) ശ്രീജിത്ത് കൊട്ടാരത്തിൽ, തിരുവനന്തപുരം റീജണൽ ഹെഡ് ബി. സുദർശനൻ എന്നിവർ ചേർന്നാണ് ഡോ. പ്രഭുവിനെ ആദരിച്ചത്.
വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ മികവും പരിസ്ഥിതി സംരക്ഷണം, സമൂഹക്ഷേമത്തിനായുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.എൻ. ഷിബുകുമാർ, അസി. ഡയറക്ടർ പ്രമോദ് മാധവൻ, ചേർത്തല മുനിസിപ്പൽ കൗൺസിലർ മിത്രവിന്ദാ ബായി തുടങ്ങിയവർ പങ്കെടുത്തു.
ബയോടെക്നോളജിയിൽ ഗവേഷണ ബിരുദമുള്ള ഡോ.പ്രഭു കഴിഞ്ഞ 25 വർഷങ്ങളായി കുളവാഴ അടക്കമുള്ള ജലജന്യ കളകളിൽ നിന്നു വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിലെ ജോർജിയ സർവകലാശാല, ജർമനിയിലെ ബയോടെക്നോളജി ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുള്ള അദ്ദേഹം നിരവധി അന്തർദേശീയ- ദേശീയ ഫെലോഷിപ്പുകളും അവാർഡുകളും നേടിയിട്ടുണ്ട്.