പരാതികളും വിവാദങ്ങളും നിറഞ്ഞ കലോത്സവം
1375055
Friday, December 1, 2023 11:51 PM IST
ചേർത്തല: ജില്ലാ കലോത്സവം കൊടിയിറങ്ങിയത് ഏറെ രാത്രിയായിട്ട്. കുന്നോളം പരാതിയും കണ്ണീരും പരിഭവവും ബാക്കിയാക്കിയാണ് കലോത്സവത്തിന് കൊടിയിറങ്ങിയത്. കലോത്സവം അവസാനിക്കുമ്പോൾ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പരാതികളുടെ വേലിയേറ്റം.
സംസ്ഥാന തലത്തിൽ മത്സരിച്ച് എ ഗ്രേഡ് വാങ്ങിയ പലകുട്ടികളും ഇത്തവണ ജില്ലാ കലോത്സവത്തിൽ പിന്തള്ളപ്പെട്ടതു പരാതിയും വിവാദവുമായി. മികവുറ്റ മത്സരാർഥികൾ ഇത്തവണ മത്സര രംഗത്ത് ഉണ്ടായതാണ് മത്സരം കടുപ്പമാകാൻ കാരണമെന്ന് സംഘാടക പക്ഷം. മത്സരാർഥികളുടെ കുത്തിയിരിപ്പു സമരവും ഈ കലോത്സവം കണ്ടു. വാക്കേറ്റവും പരാതി പ്രളയവും
ഉണ്ടായി. മത്സരവേദികളുടെ സൗകര്യക്കുറവും വേദിമാറ്റങ്ങളും പരാജയമായി. വിധികർത്താക്കൾ പോലീസ് സംരക്ഷണയിൽ പോയതും മത്സരാർഥികൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നതും കണ്ടു. പരാതിയും പരിഭവവും കണ്ണീരുമെല്ലാമായെങ്കിലും ചേർത്തലയിൽ നാളേറെയായി നടന്നത് കലയുടെ മഹോത്സവം തന്നെ.