മരണത്തിലെത്തിച്ചതു രോഗവും സാന്പത്തികബാധ്യതയും
1375052
Friday, December 1, 2023 11:51 PM IST
എടത്വ: ചക്കുളം മൂലേപ്പറമ്പ് വീട്ടില്‍ സുനു, ഭാര്യ സൗമ്യ, ഇരട്ടകുട്ടികളായ ആദി, ആദില്‍ എന്നിവരുടെ മൃതദേഹമാണ് കിടപ്പ് മുറിയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്ക് കാന്‍സര്‍ ബാധിച്ചതും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണു ബന്ധുക്കള്‍ പറയുന്നത്.
ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് കുട്ടികളുടെ ജന്മദിനാഘോഷത്തിനും അവധി ചെലവഴിക്കുന്നതിനുമായി നാട്ടിലെത്തിയത്. വീണ്ടും ജോലിക്കായി കുവൈറ്റിലേക്ക് പോകാനായി മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോഴാണ് കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്.
വിദേശത്ത് ജോലി ചെയ്തുവരികയായിരുന്ന സുനു രണ്ടു വര്‍ഷം മുന്‍പ് നട്ടെല്ലിന് ഓപ്പറേഷന് ആവശ്യമായി വന്നതിനെത്തുടര്‍ന്ന് നാട്ടിൽ വിശ്രമത്തിലായിരുന്നു. സുഖം പ്രാപിച്ചതിനെത്തുടര്‍ന്ന് വീടിനു സമീപം വെല്‍ഡിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു. സുനു നാട്ടിലെത്തിയതോടെയാണ് ഭാര്യ സൗമ്യ കുവൈറ്റില്‍ ജോലിക്കു പോയത്.
രണ്ടുവര്‍ഷം മുന്‍പാണ് ബാങ്ക് ലോണും മറ്റും സ്വരുക്കൂട്ടി പുതിയ വീട് നിര്‍മിച്ചു. എന്നാല്‍ രോഗം വില്ലനായി എത്തിയതോടെ കുടുബം പ്രതിസന്ധിയിലായി. പ്രതിമാസം 50,000 ഓളം രൂപ ബാങ്ക് ലോണ്‍ അടച്ചിരുന്നു. മൂന്നുമാസമായി ബാങ്ക് ലോണ്‍ കുടിശിക ആയതിനെത്തുടര്‍ന്ന് ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തി. ഇതേത്തുടര്‍ന്ന് സുനു സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് നല്‍കിയില്ലെന്നും ഫോണിലൂടെ നിരന്തരം തുക അടയ്ക്കാന്‍ നിര്ബന്ധിക്കുകയുമായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു.
തിരുവനന്തപുരം ആര്‍സിസിയില്‍ സൗമ്യയുടെ രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം വിദഗ്ധ ചികിത്സയ്ക്കു പോകാനിരിക്കെയാണ് ജീവന് ഒടുക്കിയത്. രോഗമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സൗമ്യയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെങ്കിലും സാമ്പത്തിക പരാധീനത കുടുംബത്തെ ആകെ ഉലച്ചതായി നാട്ടുകാർ പറയുന്നു.
ഭാര്യയുടെ തുടര്‍ചികിത്സയ്ക്കായി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം ആര്‍സിസി യിലേക്ക് പോകുന്നതിനായി സുഹൃത്തിനോടു പറഞ്ഞിട്ടാണ് വ്യാഴാഴ്ച രാത്രി 11.30 ഓടെ ആണ് സുനുവും കുടുംബവും ഉറങ്ങാന്‍ കിടന്നത്.