ആദിയും ആദിലും അവരുടെ കളിചിരിയും ഇനി ഓര്‍മയില്‍
1375051
Friday, December 1, 2023 11:51 PM IST
എടത്വ: കൊച്ചു കൂട്ടുകാര്‍ക്കൊപ്പം അങ്ക ണവാടിയില്‍ ഓടിക്കളിച്ച ഇരട്ട സഹോദരങ്ങളുടെ ചിരി മാഞ്ഞു. കൂട്ടുകാരോടു യാത്രപറഞ്ഞു പിരിഞ്ഞ ആദിയും ആദി ലും തേങ്ങലായി മാറി. രോഗവും സാമ്പത്തിക പരാധീനതയും തളര്‍ത്തിയതോടെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ അകാലത്തില്‍ പൊലിഞ്ഞ ഇരട്ട സഹോദരങ്ങളാണ് നാട്ടുകാരില്‍ നൊമ്പരമായത്.
തലവടി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചക്കുളം മൂലേപ്പറമ്പ് വീട്ടില്‍ സുനു (36), ഭാര്യ സൗമ്യ(31) ഇരട്ടകുട്ടികളായ ആദി, ആദില്‍(മൂന്നര) എന്നിവരാണ് കിടപ്പുമുറിയില്‍ മരിച്ചുകിടന്നത്. തലവടി തെക്ക് 52-ാം നമ്പര്‍ അങ്കണവാടിയിലാണ് ആദിയും ആദിലും പഠിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയില്‍ മൂന്നു വയസ് തികഞ്ഞതോടെ അങ്കണവാടിയില്‍ പോകണമെന്ന് ആദിയും ആദിലും ശാഠ്യം പിടിച്ചു. മക്കളുടെ ആഗ്രഹം സുനു സാധിച്ചു നല്കി. ദിവസത്തിനുള്ളില്‍ ഇരട്ട സഹോദരങ്ങള്‍ കൊച്ചുകുട്ടികള്‍ക്ക് ഇടയില്‍ മാത്രമല്ല ജീവനക്കാര്‍ക്കുള്ളിലും ഇടം നേടി.
ഒന്‍പതു വര്‍ഷം മുന്‍പ് വിവാഹിതരായ സുനു-സൗമ്യ ദമ്പതികള്‍ക്ക് ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ടക്കുട്ടികളായ ആദിയും ആദിലും പിറന്നത്. ഇരട്ട സഹോദരങ്ങളുടെ ചേതനയറ്റ മൃതദേഹം കാണാന്‍ കഴിയാതെ ഓടിക്കൂടിയവര്‍ കണ്ണീര്‍വാര്‍ത്തു. ഒരുപുതപ്പിനുള്ളില്‍ അന്ത്യയാത്ര പറഞ്ഞ ഇരുവരുടെയും മുതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എടുത്തപ്പോള്‍ സ്ത്രീകളും കുട്ടികളും വാവിട്ട് കരഞ്ഞു. മരണത്തിന് തലേദിവസവും മുറ്റത്തുകൂടി ഓടിക്കളിച്ച ആതിയും ആദിലും നാട്ടുകാർക്ക് വിങ്ങുന്ന ഓര്‍മയായി.
പൊന്നോമനകള്‍ യാത്രയായി; മുത്തശിയെയും
മുത്തച്ഛനെയും തനിച്ചാക്കി
എടത്വ: മൂന്നു വര്‍ഷമായി മുത്തശി ശ്യാമളയുടെയും മുത്തച്ഛന് സുധാകരന്റെയും ജീവിതതാളം പൊന്നോമനകളായ ആദിയുടെയും ആദിലിന്റെയും കളിചിരികള്ക്കൊപ്പമായിരുന്നു. കളിചിരിയും കുഞ്ഞു പരിഭവങ്ങളും ബാക്കിയാക്കി പിഞ്ചോമനകൾ യാത്രയായപ്പോള്‍ വാവിട്ടു കരയുന്ന മുത്തശിയെയും മുത്തച്ഛനെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി.
ജീവിത മാര്‍ഗം തേടി കുഞ്ഞുമക്കളെ മുത്തശിയെയും മുത്തച്ഛനെയും ഏല്പിച്ചിട്ടാണ് അമ്മ സൗമ്യ വിദേശത്തേക്കു പോയത്. കുഞ്ഞുങ്ങളെ പരിചരിച്ചും അവർക്ക് ഇഷ്ട ഭക്ഷണം ഉണ്ടാക്കി നല്‍കിയും അങ്കണവാടിയില്‍ കൊണ്ടുപോയും മുത്തശി ശ്യാമള അവരുടെ അമ്മയായി മാറി.
തന്റെ പൊന്നുമക്കളില്ലാത്ത ലോകത്ത് ഇനി തങ്ങള്‍ക്കു ജീവിക്കണ്ട എന്ന് പറഞ്ഞു കരയുന്ന ശ്യാമളയുടെ വാക്കുകള്‍ എല്ലാവരുടെയും കണ്ണിനെ ഈറനണിയിച്ചു.