വീണവായന കേൾപ്പിക്കാൻ മൈക്കില്ല; സ്പീക്കർ വീട്ടിൽ നിന്നെത്തിച്ച് മത്സരം
1374824
Friday, December 1, 2023 12:23 AM IST
ചേര്‍ത്തല: ശബ്ദസംവിധാനം താറുമാറായത് മത്സരാര്‍ഥികളെ വല്ലാതെ വലച്ചു. പത്താം വേദിയില്‍ രണ്ടുമണിക്കൂറോളം മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ഇന്നലെ വീണ, വയലിന്, മൃദംഗം, തബല തുടങ്ങിയ മത്സരങ്ങളാണ് പത്താംവേദിയില്‍ ഉണ്ടായിരുന്നത്. ഇതിനാകട്ടെ മൈക്ക് സംവിധാനവും ഒരു പ്രധാന ഘടകവും.
എന്നാല്‍, ശബ്ദസംവിധാനം തകരാറായതിനാല്‍ രാവിലെ തുടങ്ങേണ്ട വീണവായന മത്സരം ഇതോടെ ഒന്നരമണിക്കൂറോളം നീട്ടിവെച്ചു. വീണവായനയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥി അഞ്ജനാ അജിതിന് അടുത്തുള്ള വേദിയില്‍ മാര്ഗംകളയിലും മത്സരിക്കാന്‍ പങ്കെടുക്കണമായിരുന്നു.
ഇതേത്തുടര്‍ന്ന് അഞ്ജനയുടെ പിതാവ് അജിത് വീട്ടില്‍നിന്നു കൊണ്ടുവന്ന സ്പീക്കര്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചാണ് മത്സരം നടത്തിയത്. തൊട്ടടുത്തുള്ള പ്രധാന വേദിയില്‍ നിന്നുളള ശബ്ദകോലാഹലം ഉണ്ടായിരുന്നതിനാല്‍ പത്താം വേദിയില്‍ നടക്കുന്ന പരിപാടികള്‍ വ്യക്തമായി കേള്‍ക്കുന്നുമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും പരിപാടി നടത്തി അവസാനം സംഘാടകര്‍ തടിതപ്പിയെന്നുവേണം പറയാന്‍.