കലാകിരീടം തലയിൽച്ചൂടാൻ ചേർത്തല
1374823
Friday, December 1, 2023 12:23 AM IST
ചേർത്തല: മത്സരം അവസാനിക്കാതെ വൈകുമ്പോഴും കലാകിരീടം തലയിൽ ചൂടാമെന്ന ആത്മവിശ്വാസത്തിലാണ് ചേർത്തല ഉപജില്ല. 740 പോയിന്റുമായി കായംകുളം തൊട്ടുപിന്നിൽ പിന്തുടരുമ്പോഴും 769 പോയിന്റുമായി ചേർത്തല ഉപജില്ല മുന്നിൽതന്നെ. മത്സരം തീരാനുണ്ട്, പോയിന്റുകൾ ചേരാനുമുണ്ട്. മത്സരം ബാക്കിനിൽക്കെയാണ് ചേർത്തലയുടെ കുതിപ്പ്. നാലുദിവസങ്ങളായി കലയുടെ പീലിവിടർത്തിയാടിയ വിവിധ വേദികളിൽനിന്നു ഉയർന്നുവരുന്ന റിസൾട്ട് ചേർത്തല മണ്ണിനു തന്നെ കലാകിരീടം നേടി നൽകണമെന്നാണ് ചേർത്തലക്കാരുടെയും ആഗ്രഹം. അത് നിറവേറ്റുന്ന പോയിന്റ് നില ചേർത്തലക്കാരുടെ ആത്മവിശ്വാസം ആവേശമാക്കുന്നു. കായംകുളത്തിന്റെ പിന്നിലായി മാവേലിക്കരയും ആലപ്പുഴയും തുറവൂരുമുണ്ട്. രാത്രിയും മത്സരങ്ങള്‍ തുടര്‍ന്നു. ജേതാക്കളെ രാത്രി വൈകി പ്രഖ്യാപിക്കും.
രാവേറെയായിട്ടും
തുടരുന്ന ഉത്സവം
ചേർത്തല: കലോത്സവത്തിന്റെ കൊടിയിറങ്ങാൻ നേരമായിട്ടും മത്സരങ്ങൾ കഴിയാതെ നീളുന്നു. കുന്നോളം പരാതിയും കണ്ണുനീരും പരിഭവവും ബാക്കിയാക്കി നീളുന്ന മത്സരങ്ങൾ.
കലോത്സവം അവസാനിക്കുമ്പോൾ മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പരാതികളുടെ വേലിയേറ്റം. സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് വാങ്ങിയ പലകുട്ടികളും ഇത്തവണ ജില്ലാ കലോത്സവത്തിൽ പിന്തള്ളപ്പെട്ടതു പരാതിയും വിവാദവുമായി. മികവുറ്റ മത്സരാർഥികൾ ഇത്തവണ മത്സരരംഗത്തുണ്ടായതാണ് മത്സരം കടുപ്പമാകാൻ കാരണമെന്ന് സംഘാടക പക്ഷം. മത്സരാർഥികളുടെ കുത്തിയിരിപ്പു സമരങ്ങൾ കലോത്സവം കണ്ടു.
വാക്കേറ്റവും തുടർന്നുണ്ടായ പരാതി പ്രളയവും നടന്നു. മത്സരവേദികളുടെ സൗകര്യക്കുറവും വേദിമാറ്റങ്ങളും പരാജയമായി. വിധികർത്താക്കൾ പോലീസ് സംരക്ഷണയിൽ പോയതും മത്സരാർഥികൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നതും കണ്ടു. പരാതിയും പരിഭവവും കണ്ണുനീരുമെല്ലാമായെങ്കിലും ചേർത്തലയിൽ നാളേറെയായി നടന്നത് കലയുടെ മഹോത്സവം തന്നെ.