ഇനിയെന്നു കാണും കലയുടെ രാപകലുകൾ
1374822
Friday, December 1, 2023 12:23 AM IST
വയലാറിന്റെയും ഇരയിമ്മൻ തമ്പിയുടെയും തുടങ്ങി ചേർത്തലയുമായി ഇഴപിരിഞ്ഞ് കിടക്കുന്ന കലാസ്മരണയിൽ കഴിഞ്ഞുപോയത് കലയിൽ മുങ്ങിയ ചേർത്തലയുടെ നാലു രാവും നാലു പകലും, ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കലാപ്രതിഭകൾ തങ്ങളുടെ കലാ വൈഭവത്താൽ നിറപ്പകിട്ടാക്കിയത് ചേർത്തലയ്ക്ക് എന്നും ഓർത്തുവയ്ക്കാം. നിരന്തരമായ കലാസഭര്യയുടെ പ്രത്യേകമായ പശ്ചാത്തലമുള്ള ചേർത്തല നാട്ടിൽ കലാകേരളത്തിനു അഭിമാനിക്കാൻ പ്രാപ്തമായ രൂപത്തിലുള്ള കലാകാരന്മാരെ സംഭാവന ചെയ്യുവാൻ ഈ കലോത്സവത്തിന് ഇടയാകുമെന്നാണ് ആസ്വാദകരുടെ പ്രതീക്ഷ. അതിഭയങ്കരമായ മാത്സര്യബോധത്തോടെയാണ് ഓരോ മത്സരാർഥികളും പങ്കെടുത്തതെന്നത് പ്രത്യേകത.
കലയിലേക്ക് മാത്സര്യവികാരത്തിന്റെ കടന്നുകയറ്റം പലപ്പോഴും സംഘർഷഭരിതമായ സാഹചര്യങ്ങൾ ഉണ്ടാക്കി. വിവിധ മേഖലകളിൽനിന്ന് വന്ന വ്യത്യസ്ത സ്കൂളുകളുടെയും കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും അധ്വാനവും കലാവിരുതും ചേർത്തലയിൽ കലാവസന്തമാണ് ഒരുക്കിയത്.
തങ്ങളുടെ വിദ്യാർഥി കാലഘട്ടം അയവിറക്കി നടക്കുന്ന അധ്യാപകരും മാതാപിതാക്കളും മുതിർന്ന ആസ്വാദകരും കുട്ടികൾക്കിടയിൽ വളർന്നു വന്നിരിക്കുന്ന കലാമത്സരത്തിൽ കാണിക്കുന്ന വീറ് വേറിട്ട അനുഭവമായിരുന്നു. ഇന്നലെയും അതിനു തലേന്നും രാത്രി വൈകുവോളം സ്റ്റേജുകൾക്ക് മുമ്പിൽ ഉറക്കം മാറ്റിവച്ച് കലാമത്സരങ്ങൾ ആസ്വദിച്ച രാവുകൾ ഇനി എന്ന് എന്നുള്ള ചിന്തയാണ് ഇപ്പോൾ ചേർത്തലയിലെ കലാസ്വാദക മനസിൽ.