തെരുവുനായ്ക്കൾക്കുള്ള ഷെൽട്ടർ വേണ്ട, ശ്രമം പഞ്ചായത്ത് ഉപേക്ഷിച്ചു
1374817
Friday, December 1, 2023 12:23 AM IST
മന്നാർ: പഞ്ചായത്തിൽ മൃഗാശുപത്രിക്കു സമീപം തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ നിർമാണത്തിനുള്ള പദ്ധതി പഞ്ചായത്ത് ഉപേക്ഷിച്ചു.കഴിഞ്ഞ നാലു മാസം മുൻപാണ് മാന്നാറിൽ തെരുവു നായ്ക്കളുടെ ആക്രമണം രൂക്ഷമായത്. വിദ്യാർഥികൾ അടക്കം ഒരു ഡസനോളം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു.
ആക്രമണം രൂക്ഷമായതിനെ തുടർന്നു തെരുവ് നായ്ക്കളെ പാർപ്പിക്കുവാൻ ഒരു ഷെൽട്ടർ നിർമിക്കുവാൻ തീരുമാനിച്ചത്. മുട്ടൽ ജംഗ്ഷനു സമീപം പഞ്ചായത്ത് വക സ്ഥലത്ത് ഇതു നിർമിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനായി പഞ്ചായത്തിൽ സർവകക്ഷി യോഗം വിളിക്കുകയും ചെയ്തു. എന്നാൽ ഈ പ്രദേശത്തുള്ള ചിലർ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ എതിർപ്പുമായി രംഗത്തു വന്നു. ചിലർ കോടതിയേയും സമീപിച്ചു. ഇതോടെ ഷെൽട്ടർ നിർമാണം അനിശ്ചിതത്വത്തിലുമായി. പദ്ധതി മാർച്ചിനുള്ളിൽ പൂർത്തിയായില്ലെങ്കിൽ തുക ലാപ്സാകുമെന്നതിനാൽ തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ നിർമാണം താത്കാലികമായി പഞ്ചായത്ത് ഉപേക്ഷിച്ചു.
ജനകീയ സഭ അടക്കമുള്ള ബോധവൽക്കരണ പരിപാടികൾക്കു പഞ്ചായത്ത് ശ്രമം ആരംഭിച്ചില്ലെങ്കിലും പ്രതിപക്ഷത്തിന്റെയും സമീപവാസികളുടെയും എതിർപ്പിനെ തുടർന്നു പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു. നിർമാണത്തിനെതിരെ പരിസരവാസികൾ കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ടെൻഡർ നടപടികൾ അടക്കമുള്ളവ പഞ്ചായത്ത് പൂർത്തീകരിച്ചിരുന്നു. ജനദ്രോഹപരമായ ഏതു തീരുമാനത്തിനെതിരെയും ശക്തമായ സമരപരിപാടികൾ തുടർന്നും നടത്തുമെന്ന് യുഡിഎഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനിച്ചു. സുജിത്ത് ശ്രീരംഗം അധ്യക്ഷത വഹിച്ച യോഗത്തിൽ അജിത്ത് പഴവൂർ, മധു പുഴയോരം, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, പുഷ്പലത, വി.കെ. ഉണ്ണികൃഷ്ണൻ, ഷൈന നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
എന്നാൽ, തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നു മാന്നാറിനെ രക്ഷിക്കാൻ ഷെൽട്ടർ നിർമാണം നടത്തുമെന്നും താത്കാലികമായി ഉപേക്ഷിച്ചെന്നേയുള്ളുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി പറഞ്ഞു.