കടകളിൽ മോഷണം: പ്രതി പിടിയിൽ
1373927
Monday, November 27, 2023 11:39 PM IST
ഹരിപ്പാട്: തട്ടുകടകളിലും പച്ചക്കറിക്കടകളിലും മോഷണം നടത്തിയിരുന്ന കള്ളനെ ഹരിപ്പാട് പോലീസ് പിടികൂടി. മണ്ണാറശാല മുളവന തെക്കതിൽ മുരുകൻ (40) ആണ് പിടിയിലായത്. ഇയാൾ പകൽ ലോട്ടറി കച്ചവടവും രാത്രിയിൽ പച്ചക്കറി കടകളിലും തട്ടുകടകളിലും മോഷണം നടത്തുകയും ചെയ്തു വരികയായിരുന്നു. കടകളിൽനിന്നു പണം ലഭിച്ചില്ലെങ്കിൽ സാധനങ്ങൾ മോഷ്ടിക്കുന്നതു പതിവായിരുന്നു.
മോഷ്ടാവ് ഹരിപ്പാട് പ്രദേശത്തുതന്നെ നടന്നു ലോട്ടറി കച്ചവടം നടത്തുന്ന ആളായതിനാൽ എവിടൊക്കെ സിസിറ്റിവി ഉണ്ടെന്നു വ്യക്തമായി മനസിലാക്കിയിതിനു ശേഷമാണു ഓരോ കടകളിലും കയറുന്നത്.
ഹരിപ്പാട് സിഐ ശ്യാം കുമാറിന്റെ നിർദേശാനുസരണം എല്ലാ ദിവസവും പോലീസ് വേഷം മാറി പല കടകളുടെയും തട്ടുകളുടെയും സമീപപ്രദേശത്തു പതുങ്ങി ഇരിക്കുക പതിവാക്കി. ഇന്നലെ പുലർച്ചെ ബിച്ചു എന്നയാൾ നടത്തുന്ന പച്ചക്കറി കടയുടെ ഉള്ളിലേക്കു ഇയാൾ കയറി പോകുന്നത് തൊട്ടടുത്തുള്ള ഇരുനില കെട്ടിടത്തിനു മുകളിലിൽ പതുങ്ങി ഇരുന്ന അന്വേഷണ സംഘം കണ്ടു. പ്രതിയെ കൈ യോടെ പിടികൂടുകയുമായിരുന്നു.