ചക്കുളത്തുകാവിൽ കാർത്തികസ്തംഭം എരിഞ്ഞടങ്ങി
1373925
Monday, November 27, 2023 11:39 PM IST
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തികസ്തംഭം എരിഞ്ഞടങ്ങി. തിന്മയ്ക്കുമേൽ നന്മ ആധിപത്യം പുലർത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കൽചടങ്ങ് നടത്തുന്നത്. ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ച് കിഴക്കോട്ട് ദർശനമായി പീഠത്തിൽ പ്രതിഷ്ഠിച്ച ശേഷമാണ് സ്തംഭം അഗ്നിക്കിരയാക്കുന്നത്. ദേവിക്ക് ഒരു വർഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, തണുങ്ങ്, പടക്കം എന്നിവ കവുങ്ങിൻതടിയിൽ ചുറ്റിയാണ് കാർത്തികസ്തംഭം ഒരുക്കിയത്. നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ സ്തംഭം കത്തിക്കൽ ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഐഎഎസ് നിർവഹിച്ചു.
കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. സാംസ്കാരിക സമ്മേളനം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ അധ്യക്ഷത വഹിച്ചു.
മുഖ്യകാര്യദർശിമാരായ സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർത്തിക സ്തംഭത്തിൽ മംഗളാരതി സമർപ്പണവും നടത്തി.
തലവടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുമോൾ ഉത്തമൻ, എബിഎഎസ്എസ് അഖിലേന്ത്യാ പ്രസിഡന്റ് ഡി. വിജയകുമാർ, മീഡിയ കൺവീനർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ. സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.