ആലപ്പുഴ മെഡിക്കൽ കോളജിൽ മരുന്നില്ല, രോഗികൾ നെട്ടോട്ടത്തിൽ
1373924
Monday, November 27, 2023 11:39 PM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെത്തുന്ന രോഗികൾ മരുന്നില്ലാതെ നെട്ടോട്ടത്തിൽ. രോഗികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റു മെച്ചപ്പെട്ട ചികിത്സയ്ക്കുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടികളാണ് ചെലവഴിക്കുന്നത്. ഇതെല്ലാം കെട്ടിടങ്ങളുടെ നിർമാണത്തിനാണെന്നു മാത്രമേയുള്ളൂ.ഇപ്പോഴും നിർമാണം നടന്നുകൊണ്ടിരിക്കുന്നു.
എന്നാൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അവശ്യമരുന്നുകൾ ഇപ്പോഴും ലഭ്യമല്ല. സൗജന്യമായി മരുന്നു നൽകുന്ന ഫാർമസിയിലും കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുന്ന കാരുണ്യയിലും ഭൂരിഭാഗം മരുന്നുകളും ലഭ്യമല്ല. കാൻസർ, വൃക്ക രോഗികൾക്കാവശ്യമായ കൂടിയ നിരക്കിലുള്ള അവശ്യമരുന്നുകൾ ആശുപത്രിയിൽ ഇല്ലാത്തതിനാൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് രോഗികൾ മരുന്നുകൾ വാങ്ങുന്നത്.
കഴിഞ്ഞദിവസം കരുനാഗപ്പള്ളി സ്വദേശിയായ ഒരു രോഗിക്ക് ഓർത്തോ വിഭാഗത്തിൽനിന്ന് മരുന്നിനായി കുറിച്ചുകൊടുത്തിരുന്നു. എന്നാൽ ഫാർമസിയിലും കാരുണ്യയിലും മരുന്നില്ലാതിരുന്നതിനാൽ 470 രൂപ മുടക്കി സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്നു വാങ്ങേണ്ടിവന്നത്.
ആശുപത്രിയിൽ നിസാര വിലയുള്ള മരുന്നുകൾ പോലുമില്ലെങ്കിലും എല്ലാവിധ മരുന്നുകളും സമീപത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ആശുപത്രിയിൽനിന്ന് അവശ്യമരുന്നുകൾ ലഭിക്കാത്ത സ്ഥിതിയാണ്. തിരക്കുള്ള സമയം ഏറെ നേരം ക്യൂനിന്ന് ഫാർമസി കൗണ്ടറിനു മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരമറിയുന്നത്. ആശുപത്രിയിലേക്കു മരുന്നു വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസ് കോർപറേഷനു മരുന്നുകൾ വാങ്ങിയ ഇനത്തിൽ കോടികൾ നൽകാനുള്ളതു കൊണ്ട് മരുന്നുകൾ വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഡോക്ടർമാർ അഞ്ചു മരുന്നുകൾ കുറിച്ചു കൊടുത്താൽ നാലുമരുന്നും ആശുപത്രിയിൽ കാണാറില്ല.
ഇതിന്റെ ദുരിതമനുഭവിക്കുന്നത് ഇവിടെ ചികിത്സയ്ക്കെത്തുന്ന നിർധനരായ രോഗികളാണ്. കൂടിയ നിരക്കിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് അവശ്യ മരുന്നുകൾ വാങ്ങാൻ രോഗികൾക്കു കഴിയാറില്ല. സ്വകാര്യ മെഡിക്കൽ സ്റ്റോറുകാരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്.