ബൈക്കിലെത്തിയ രണ്ടംഗ സംഘം പണം മോഷ്ടിച്ചു
1373705
Monday, November 27, 2023 12:48 AM IST
അമ്പലപ്പുഴ: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടു നിർമാണത്തിനായി സുക്ഷിച്ച പണം മോഷ്ടിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം വ്യാസാ ജംഗ്ഷന് സമീപം പുതുവൽ അനീസിന്റെ വീട്ടിലാണ് മോഷണം നടത്തിയത്.കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയായിരുന്നു സംഭവം. വീട് നിർമാണം നടക്കുന്നതിനാൽ വീട്ടുകാർ വീടിന്റെ രണ്ടാം നിലയിലാണ് കിടന്നിരുന്നത്.
തുറന്നു കിടന്ന മുൻ ഭാഗം വഴി അകത്തെത്തിയ മോഷ്ടാക്കൾ മുറിയിൽ ബാഗിൽ സൂക്ഷിച്ച 25000 രൂപ കവരുകയായിരുന്നു. വീടു നിർമാണത്തിനായി വായ്പയെടുത്ത തുകയായിരുന്നു ഇതെന്ന് വീട്ടുടമ അനീസ് പറഞ്ഞു. ശബ്ദം കേട്ട് അനീസിന്റെ ഭാര്യ ഫാത്തിമ ഉണർന്നപ്പോൾ രണ്ടു പേർ ടെറസ് വഴി ഓടി രക്ഷപ്പെട്ടു. അനീസ് പുറകെ ഓടിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് അയൽ വാസികളുടെ അന്വേഷണത്തിൽ വീടിനു സമീപത്തുനിന്ന് ബൈക്ക് കണ്ടെത്തി.
മോഷണം സംബന്ധിച്ച പരാതി നൽകാൻ അനീസ് അമ്പലപ്പുഴ സ്റ്റേഷനിൽ നിൽക്കുമ്പോൾ രാത്രി രണ്ടോടെ രണ്ടുപേർ കുപ്പിയിൽ പെട്രോളുമായി വീട്ടിലെത്തി ബൈക്ക് നൽകിയില്ലെങ്കിൽ വീട്ടുകാരെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അയൽവാസികൾ എത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെട്ടു. മറ്റൊരു സ്കൂട്ടറിലുമായി ആകെ മൂന്നു പേരാണ് മോഷണത്തിനെത്തിയതെന്ന് പറയുന്നു. ബൈക്ക് നമ്പർ വ്യാജമാണെന്നും സൂചനയുണ്ട്. അമ്പലപ്പുഴ പോലീസ് അന്വേഷണമാരംഭിച്ചു.