വിദ്യാർഥികൾക്ക് ഹരിതപാഠം പകർന്ന് എല്സിടീച്ചര്
1373704
Monday, November 27, 2023 12:48 AM IST
എം.ജോസ്.ജോസഫ്
വിദ്യാർഥികളെ ജീവിതവിജയത്തിന്റെ പാതയിലേക്ക് നയിക്കുമ്പോഴും അവരുടെ ഓരോ വാസനകളും പ്രോത്സാഹിപ്പിച്ചു അവരെ മികച്ച വ്യക്തികളാക്കി രൂപാന്തരപ്പെടുത്തുമ്പോഴും എൽസിടീച്ചര് ഒരു കാര്യത്തില്‍ ശ്രദ്ധാലുവാണ്. വിവിധതരം ചെടികള്‍ നട്ടുവളര്‍ത്തുന്നതിലും അവയെ പരിപാലിക്കുന്നതിലും മാത്രമല്ല, മനോഹരമായ അടുക്കളത്തോട്ടം വീട്ടില്‍ ഉണ്ടാക്കാനും ടീച്ചര്‍ സമയം കണ്ടെത്തുന്നു.
പൂക്കളും കിളികളും വാസന്തം വിടര്‍ത്തുന്ന ടീച്ചറുടെ വീട്ടില്‍ ഒരു ശലഭോദ്യാനം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ധാരാളം പച്ചക്കറികളും സമൃദ്ധമായി വളരുന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി എന്നതിനെക്കാള്‍ സസ്യലതാദികള്‍ വളര്‍ന്നു പന്തലിച്ച ഒരു ഹരിതസമൃദ്ധ പരിസരത്തിലായിരിക്കുക എന്ന പ്രത്യേക താല്പര്യമാണ് ഈ പച്ചപ്പിനോടുള്ള പ്രണയത്തിനു പിന്നിൽ.
പുലര്‍കാലേ ഉണര്‍ന്നു, വീട്ടിലെ കാര്യങ്ങളും ക്ലാസൊരുക്കങ്ങളും ചെയ്യുന്നതുപോലെ തന്നെ ടീച്ചറുടെ ടൈംടേബിളില്‍ ചേര്‍ന്നിട്ടുള്ള കാര്യമാണ് ചെടികളും പച്ചക്കറികളും പരിപാലിക്കുക എന്നത്. ആലപ്പുഴ പൊള്ളേത്തൈ സ്ഥലത്തെ ചൊരിമണല്‍ ടീച്ചര്‍ക്ക് ഹരിതസമൃദ്ധിക്കുള്ള ഇടമാണ്. അവിടെ ഫലഭൂവിഷ്ടമായ ഇടമാക്കി മാറ്റിയെടുക്കുന്നതില്‍ ടീച്ചര്‍ വിജയിച്ചിരിക്കുന്നുവെന്ന് അവിടെ വിളഞ്ഞിരിക്കുന്ന പച്ചക്കറികളും ചെടികളും പൂക്കളും കണ്ടാല്‍ അറിയാം. ചീര മുതല്‍ ചേമ്പ് വരെ പാവല്‍ മുതല്‍ പടവലം വരെ അത്യാവശ്യം വേണ്ട പച്ചക്കറികള്‍ അടുക്കളത്തോട്ടത്തിലുണ്ട്. സ്കൂളും പഠിപ്പീരും വീട്ടുകാര്യങ്ങളും മറ്റു കാര്യങ്ങളും ഒക്കെയായി തിരക്കിനിടയില്‍ എങ്ങനെ ഈ പച്ചക്കറി പോലുള്ള കൃഷികള്‍ സാധിക്കുന്നുവെന്ന് ചോദിച്ചാല്‍ ടീച്ചര്‍ക്ക് ചിരിയാണ്. മനസുണ്ടെങ്കില്‍ സമയവും ഉണ്ടെന്നാണ് ടീച്ചറുടെ പക്ഷം.
ചേര്‍ത്തല സെന്റ് മേരിസ് ഗേള്‍സ് ഹൈസ്കൂളിലെ പെണ്‍കുട്ടികള്‍ക്കും ടീച്ചറുടെ ചെടികളോടും പച്ചക്കറികളോടുമുള്ള താല്പര്യവും വാസനയും വലിയ പ്രചോദനമാണ്. അതിനുള്ള നേര്‍സാക്ഷ്യമാണ് ചേര്‍ത്തല സെന്റ് മേരീസ് ജിഎച്ച്എസിന്റെ തോട്ടത്തില്‍ വിളഞ്ഞു നല്കുന്ന പച്ചക്കറികള്‍. തന്റെ കുട്ടികള്‍ക്ക് അവരുടെ പഠനവും ഉല്ലാസസമയവും കഴിഞ്ഞ് വലിയൊരു ജീവിതപാഠം പോലെയാണ് പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ പ്രോത്സാഹനവും പരിശീലനവും ടീച്ചര്‍ നല്‍കുന്നത്.
കുട്ടികള്‍ വീട്ടിൽനിന്നു തൈകള്‍ സ്കൂളില്‍ കൊണ്ടുവന്നും പരസ്പം കൈമാറിയും വിവിധ തരം പച്ചക്കറികളുടെ വിളനിലമായി സ്കൂള്ത്തോട്ടം മാറിയിട്ടുണ്ട്. സ്കൂളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതില്‍ മറ്റു ടീച്ചേഴ്സും സ്കൂള്‍ പ്രിൻസിപ്പൽ ഷാജി സാറും വലിയ പ്രോത്സാഹനം കൊടുക്കുന്നതായി ടീച്ചര്‍ അഭിമാനപൂര്‍വം പറയുന്നു. ജില്ലയില്‍ തന്നെ മികച്ച സ്കൂളായ ചേര്‍ത്തല സെന്റ് മേരിസ് ഗേള്‍സ് സ്കൂളിലെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ പരിശീലനം ലഭിക്കുന്നതിന് കാരണം വിവിധ മേഖലകളില്‍ പ്രശോഭിക്കുന്ന ടീച്ചേഴ്സിന്റെ ഇത്തരം വൈഭവങ്ങള് കുട്ടികള്‍ക്കും പകര്‍ന്നു കൊടുക്കുന്നതിലുള്ള വൈദഗ്ധ്യം കൊണ്ടെന്നതിനുള്ള തെളിവാണ് സ്കൂളിലെ പച്ചക്കറിത്തോട്ടവും വിവിധ രംഗങ്ങളിലെ മികവും.
വിദ്യാര്‍ഥികള്‍ക്ക് ഹരിതപാഠം പകരുക വഴി അവർക്ക് സ്വന്തമായി പച്ചക്കറി തൈകള്‍ ഉത്പാദിപ്പിക്കാനും വ്യത്യസ്തവും നൂതനവുമായ കാര്‍ഷികരീതികള്‍ പരിചയപ്പെടുവാനും ടീച്ചർ അവസരം ഒരുക്കുന്നു. റോട്ടറി ക്ലബ് നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്, ബെസ്റ്റ് സീഡ് കോ-ഓഡിനേറ്റര്പുരസ്കാരം, നിരവധി തവണ വിദ്യാലയത്തിന് ഹരിത വിദ്യാലയ പുരസ്കാരം തുടങ്ങിയവയും ഹരിതസ്നേഹം ലഭ്യമാക്കി. ചേര്‍ത്തലയും സമീപപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി ജൈവവൈിധ്യ രജിസ്റ്റര്‍ നിര്‍മാണം, 200 ലധികം പാചകക്കുറിപ്പടങ്ങുന്ന പാരമ്പര്യ ഭക്ഷണ മാഗസിന് എന്നിവയും ടീച്ചറുടെ ക്രെഡിറ്റിലുണ്ട്.
പൊള്ളേത്തൈ വെളിയില്‍ വീട്ടില്‍ സേത്തി വി.എം ടീച്ചറുടെ ജീവിതപങ്കാളി. ഹരിതപാഠത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് തന്റെ കുട്ടികളോട് മാത്രമല്ല, സമൂഹത്തോട് തന്നെ പറയുന്നു: എപ്പോഴും ഏറ്റവും നല്ലത് ചെയ്യുക. ഇപ്പോള്‍ നമ്മൾ എന്താണ് വിതയ്ക്കുന്നത്. അതാണ് നമ്മൾ നാളെ കൊയ്യുന്നത്.