സംസ്ഥാന ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല ജേതാക്കള്‍
1373702
Monday, November 27, 2023 12:47 AM IST
ചേര്‍ത്തല: സംസ്ഥാന ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ ആണ്-പെണ് വിഭാഗങ്ങളില്‍ വിജയകിരീടം ചൂടി തിരുവനന്തപുരം ജില്ല. രണ്ട് ദിവസങ്ങളിലായി ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആവേശകരമായ പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം പാലക്കാട് നേടി. പാലക്കാട്, തൃശൂര്‍ ജില്ലകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടാണ് രണ്ടാമതെത്തിയത്. മലപ്പുറം കോഴിക്കോട് ജില്ലകള്‍ മൂന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബെസ്റ്റ് പ്ലേയര്‍ ആയി തിരുവനന്തപുരത്തിന്റെ ഗോപിക ഗോപാലിനെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഡിഫന്‍ഡറായി തിരുവനന്തപുരത്തിന്റെ ശ്രീപ്രദയും ബെസ്റ്റ് ചെയ്സറായി പാലക്കാടിന്റെ റിയാ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ശ്രീഹരി ബെസ്റ്റ് പ്ലേയറും, തിരുവനന്തപുരത്തിന്റെ താരങ്ങളായ വിനായക്, അഖില്‍ എന്നിവര്‍ ബെസ്റ്റ് ഡിഫന്‍ഡറും ബെസ്റ്റ് ചെയ്സറുമായി. വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് ട്രോഫികള്‍ വിതരണം ചെയ്തു.
ഗവ. ഗേള്സ്എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് പി.ടി സതീശന് അധ്യക്ഷനായി. നരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജി. രഞ്ജിത്ത്, കൗണ്‍സിലര്‍മാരായ ജി. അജി, ആശാ മുകേഷ്, ഖോ- ഖോ ഫെഡറേഷന് ഓഫ് ഇന്‍ഡ്യ വൈസ് പ്രസിഡന്റ് ജി.വി പിള്ള, കേരള ഖോ-ഖോ അസോസിയേഷന് സെക്രട്ടറി ജി. രാധാകൃഷ്ണന് നായര്‍, മുന്‍ കായികാധ്യാപകന്മാരായ ആര്. ശശി, കെ.കെ പ്രതാപന്, എസ്എംസി ചെയര്മാന് മുരുകന് എന്നിവര്‍ പങ്കെടുത്തു. ട്രഷറര്‍ എം.സി കൃഷ്ണകുമാര്‍ സ്വാഗതവും പ്രസിഡന്റ്് സജീവ് പി ഏബ്രഹാം നന്ദിയും പറഞ്ഞു.