ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്
1373701
Monday, November 27, 2023 12:47 AM IST
എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് പൊങ്കാലയിടാനായി ക്ഷേത്രത്തിലേക്ക് എത്തികൊണ്ടിരിക്കുന്നത്. പ്രധാന വീഥിയില്‍ അടുപ്പു കൂട്ടാനുള്ള തിരക്ക് ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയിരുന്നു.
ക്ഷേത്രത്തിന്റെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നിരക്കും. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, ഇടിഞ്ഞില്ലം, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് പൊങ്കാല അടുപ്പുകള്‍ ഒരുക്കുന്നത്. മൂവായിരത്തോളം വോളണ്ടിയേഴ്സ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
പൊങ്കാലയ്ക്ക് ആവശ്യമായ ഇഷ്ടിക, കലം, കുടിവെള്ളം എന്നിവ വോളണ്ടിയേഴ്സിന്റെ നേതൃത്വത്തില്‍ പൊങ്കാല സ്ഥലങ്ങളില്‍ എത്തിക്കും. ശുദ്ധജല ലഭ്യതയ്ക്കു വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് താത്കാലിക കിയോസ്ക്കുകള്‍ സ്ഥാപിച്ചു.
ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വോളണ്ടിയേഴ്സ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണവും അന്നദാനവും നടത്തും. വിവിധ ഡിപ്പാര്‍മെന്റുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സാമുദായിക-സാമൂഹിക- സാംസ്കാരിക സന്നദ്ധസംഘടനകള്‍ എന്നിവ പൊങ്കാല നടത്തിപ്പിന് നേത്യത്വം നല്‍കും. സുരക്ഷ ക്രമീകരണങ്ങള്‍ക്ക് പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് എന്നിവരുടെ നേവനം പത്തനംതിട്ട, ആലപ്പുഴ ജില്ല കളക്ടര്‍മാരുടെ നേത്യത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 9ന് വിളിച്ചുചൊല്ലി പ്രാര്‍ഥന. 10.30ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊങ്കാല സമര്‍പ്പണ ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകര്‍ത്തുന്നതോടെ പൊങ്കാലയ്ക്കു തുടക്കം കുറിക്കും.
ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ പൊങ്കാല ചടങ്ങുകള്‍ നടത്തും. കേന്ദ്ര ഇലക്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.
11 ന് അഞ്ഞൂറിലധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് അഞ്ചിന് കുട്ടനാട് എംഎല്‍എ തോമസ്. കെ. തോമസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപം തെളിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് മുഖ്യാഥിയായിരിക്കും. രാധാകൃഷണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, ഉണ്ണികൃഷ്ണന് നമ്പൂതിരി മംഗളാരതി സമര്‍പ്പണവും നടത്തും. വെസ്റ്റ് ബംഗാള്‍ ഗവര്‍ണർ ഡോ. സി.വി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, തിരുവല്ല മുന്‍സിപ്പില്‍ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്, മുട്ടാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി്ഡന്റ് ബോബന് ജോസ്, തലവടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുമോള് ഉത്തമന്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, അഡ്വ. ഡി. വിജയകുമാര്‍, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി സ്വാമിനാഥന് എന്നിവര്‍ നേത്യുത്വം വഹിക്കും.