ഗാന്ധിഭവൻ അന്തേവാസികൾക്ക് അതിവേഗം ആധാർ ലഭിച്ചു
1373700
Monday, November 27, 2023 12:47 AM IST
ഹരിപ്പാട് : ആലപ്പുഴ ജില്ലാ കളക്ടർ ജോൺ. വി. സാമുവൽ ഇടപെട്ട് ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ പതിനൊന്നോളം അന്തേവാസികൾക്ക് അതിവേഗം ആധാർ ലഭ്യമാക്കി. ഉപേക്ഷിക്കപ്പെട്ടും ജീവിതത്തിൽ ഒറ്റപ്പെട്ടും ഗാന്ധിഭവൻ സ്നേഹവീട് സംരക്ഷണയിൽ കഴിയുന്ന ഇരുപതോളം അന്തേവാസികളിൽ 11 പേർക്ക് യാതൊരുവിധ രേഖകളും ഇല്ലായിരുന്നു. ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും സമർപ്പിക്കുവാൻ സ്വന്തമായി ഒരു രേഖകളും ഇല്ലാത്തവർക്കാണ് മണിക്കൂറുകൾ കൊണ്ട് ആധാർ ലഭ്യമാക്കിയത്.
ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻതന്നെ എഡിഎം സന്തോഷ് കുമാർ അക്ഷയ ജില്ലാ കോഡിനേറ്ററുമായി സംസാരിക്കുകയും ആധാർ ഉടനടി ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
തുടർന്ന് കരുവാറ്റ ടി.ബി ക്ലിനിക് അക്ഷയ സെന്റർ ഉപകരണങ്ങളും കമ്പ്യൂട്ടറുമായി, ഡാൽമിയ, മനോജ്, ആയിഷ എന്നിവരടങ്ങുന്ന സംഘം ഗാന്ധിഭവൻ സ്നേഹ വീട്ടിലെത്തി രണ്ടു മണിക്കൂർ കൊണ്ട് മുഴുവൻ ആളുകൾക്കും ആധാർ എന്റോൾമെന്റ് സർട്ടിഫിക്കറ്റ് നൽകി.
93 കാരിയായ ജാനകിയമ്മയും, കണ്ണിനു കാഴ്ചയില്ലാത്ത പൊന്നമ്മയും, ഗോവിന്ദനും, അന്തേവാസികളായ കൊച്ചുമോനും, ചിത്രയും സുലോചനയും എല്ലാം തങ്ങൾക്കു സ്വന്തമായി തിരിച്ചറിയൽ രേഖ ലഭിച്ച സന്തോഷത്തിലാണ്. അക്ഷയ സെന്റർ മുഴുവൻ സജ്ജീകരണങ്ങളും ഗാന്ധി ഫാൻസ് സ്നേഹവീട്ടിൽ തയാറാക്കിയാണ് ആധാർ എൻറോൾമെന്റ് ചെയ്തത്. സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ എഴുതണമെന്ന് പലർക്കും ആഗ്രഹം ഉണ്ടായിരുന്നു . ആധാർ ഇല്ലാത്തതിനാൽ കഴിഞ്ഞ തവണ അപേക്ഷിക്കാൻ കഴിഞ്ഞില.്ല
എന്നാൽ അതിനെല്ലാം പരിഹാരമായിരിക്കുകയാണ് കളക്ടറുടെ ഇടപെടലിൽ ഉണ്ടായത്.കളക്ടർക്ക് നന്ദി പറഞ്ഞുകൊണ്ട് ഗാന്ധിഭവൻ കുടുംബാംഗങ്ങൾ പ്രാർഥന നടത്തി.