കല്ലുമല റെയിൽവേ മേൽപ്പാലം: സ്ഥലം ഏറ്റെടുക്കൽ അന്തിമ വിജ്ഞാപനമായി
1373698
Monday, November 27, 2023 12:47 AM IST
മാവേലിക്കര: കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനമായതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള 19 (1) വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങി. കല്ലുമല റെയിൽവേ മേൽപ്പാലം മാവേലിക്കര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഈ സ്വപ്നമാണ് ഒന്നാം പിണറായി സർക്കാർ കിഫ്ബി പദ്ധതിയിൽ 38.22 കോടി രൂപ അനുവദിച്ചതിലൂടെയും രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പകുതിയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിച്ചതിലൂടെയും സാക്ഷാത്കരിച്ചത്.
എം .എസ്. അരുൺകുമാർ എംഎൽഎ സർക്കാർതലത്തിലും റവന്യൂ വകുപ്പിലും കിഫ്ബിയിലും നിരന്തരമായി നടത്തിയ ഇടപെടലുകളും വിളിച്ചുചേർത്ത യോഗങ്ങളും പദ്ധതിയുടെ ഗതി വേഗം വർധിപ്പിച്ചു. ലാൻഡ് അസൈൻമെന്റ് ഡെപ്യൂട്ടി കളക്ടർ സുധീഷിന്റെ മേൽനോട്ടത്തിൽ കിഫ്ബി കായംകുളം ലാൻഡ് അസൈൻമെന്റ് സ്പെഷ്യൽ തഹസിൽദാർ സിന്ധുവിന്റെ നേതൃത്വത്തിലുള്ള യൂണിറ്റാണ് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോയത്. 62.70 ആർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
വസ്തു ഉടമകൾ സ്ഥലത്തിന്റെ യഥാർഥ രേഖകൾ സ്പെഷൽ തഹസീൽദാർക്ക് ഹാജരാക്കുന്ന മുറയ്ക്ക് പണം നൽകി സ്ഥലം ഏറ്റെടുത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയ്ക്ക് കൈമാറും. പുനരധിവാസ പാക്കേജിന് ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകാരം നൽകിയിട്ടുണ്ട്. ഈ തുകയും ഇതിനൊപ്പം കൈമാറും. പദ്ധതി സ്ഥലത്തെ അവശ്യ സേവനങ്ങളായ കെഎസ്ഇബി, ബിഎസ്എൻഎൽ, വാട്ടർ അഥോറിറ്റി ലൈനുകൾ വേഗത്തിൽ മാറ്റിസ്ഥാപിക്കുമെന്ന് എംഎൽഎ അറിയിച്ചു.ഏറ്റെടുക്കുന്ന ഭൂമിയില്‍ 36 പുരയിടങ്ങളും ആറ് പുറമ്പോക്ക് ഭൂമിയും ഉള്‍പ്പെടുന്നു.
ചെറിയനാട്-മാവേലിക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മാവേലിക്കര സ്റ്റേഷന് വടക്കു ഭാഗത്തുള്ള എല്‍സി നമ്പര്‍ 28ലാണ് മേല്‍പ്പാലം വരുന്നത്. റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഗവ. ആയുര്‍വേദ ആശുപത്രിക്കു സമീപം വെള്ളൂര്‍കുളം മുതല്‍ ഗേറ്റിന് കിഴക്ക് ബിഷപ് മൂര്‍ കോളജ് ഹോസ്റ്റലിന് മുന്നില്‍ വരെ 500 മീറ്റര്‍ നീളത്തിലും 10.20 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മാണം. 1.50 മീറ്റര്‍ വീതിയില്‍ ഒരു വശത്ത് നടപ്പാതയുമുണ്ടാവും. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാണ് പാലത്തിന്റെ ഉയരം.
2018 ഏപ്രില്‍ 19 ന, ജിഒ ആര്‍ടി നമ്പര്‍: 18-2018-പിഡബ്ല്യൂഡി, സീരിയല്‍ നമ്പര്‍: 9 ആയി ആണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്കി. റെയില്‍വേയുടെ പിങ്ക് ലിസ്റ്റില്‍ കല്ലുമല യില്‍വേ മേല്‍പ്പാലം ഉള്‍പ്പെട്ടത് 2019 ലാണ്. കിഫ്ബി, പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും പദ്ധതി നടപ്പാക്കലിനും പദ്ധതി തയ്യാറാക്കലിനുമായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി (എസ്പിവി) ആര്‍ബിഡിസികെയെ തീരുമാനിച്ച് ഉത്തരവിറക്കുകയും ചെയ്തു. എം എസ് അരുണ്‍കുമാര്‍ എംഎല്‍എയുടെ നിരന്തര ഇടപെടലാണ് മേല്‍പ്പാലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കിയത്.
എറണാകുളം-കോട്ടയം റെയില്‍വേ പാത 1958 ല്‍ കൊല്ലം ജങ്ഷനിലേക്ക് നീട്ടിയപ്പോള്‍ നിലവില്‍ വന്നതാണ് മാവേലിക്കര റെയില്വേസ്റ്റേഷന്. മീറ്റര്‍ ഗേജായിരുന്ന പാത, 1976 ല്‍ ബ്രോഡ്ഗേജാക്കി മാറ്റി. മേല്‍ പ്പാലത്തിനായുള്ള മാവേലിക്കരയുടെ ആറു പതിറ്റാണ്ടിലേറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാവുകയാണ്. ഇടതു സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയും നവകേരള നിർമിതിക്കുള്ള ഇച്ഛാശക്തിയുമാണ്
മേൽപ്പാലം നിർമ്മാണത്തിലേക്ക് കടക്കുമ്പോൾ മാവേലിക്കര നിവാസികൾക്ക് അനുഭവവേദ്യമാകുന്നതെന്ന് എംഎൽഎ പറഞ്ഞു. മാവേലിക്കരയുടെ സമഗ്ര വികസന ചരിത്രത്തില്‍ കല്ലുമല റെയില്‍വേ മേല്‍പ്പാലം നാഴികക്കല്ലാവും. പദ്ധതി അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും എംഎല്‍എ പറഞ്ഞു.
വസ്തു ഉടമകൾ ഹാജരാക്കേണ്ട രേഖകൾ: അസ്സൽ ആധാരം, മുൻ ആധാരം, ബാധ്യതാ സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, നോൺ എൻ കംബറൻസ് സർട്ടിഫിക്കറ്റ്, ഏറ്റവും പുതിയ കരം തീർത്ത രസീത്, ബാങ്ക് പാസ് ബുക്ക്, പാൻകാർഡ്, ആധാർ കാർഡ്.