ചോദ്യങ്ങൾ ചോദിച്ചോളൂ, ഉത്തരം പറയും ജാർവിസ്
1373697
Monday, November 27, 2023 12:47 AM IST
ചെങ്ങന്നൂര്‍: കൊഴുവല്ലൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം 115 സെന്റീമീറ്റര്‍ ഉയരമുള്ള ഒരു റോബോട്ടാണ്. പേര് ജാര്‍വിസ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ എന്തു ചോദ്യം ഉണ്ടെങ്കിലും അവനോട് ചോദിക്കാം. ഉത്തരം റെഡി.
ഹൈസ്പീഡ് ഇന്റര്‍നൈറ്റ് ഉപയോഗിച്ചാണ് ഇവന്റെ പ്രവര്‍ത്തനം. കോളജിലെ മൂന്നാംവര്‍ഷ എഐ എൻജിനീയറിംഗ് വിദ്യാര്‍ഥികളായ ഫയാസ്, സിദ്ധാര്‍ഥ്, ജോ പോള്‍ എന്നിവരുടെ ഗവേഷണ ഫലമാണ് ജാര്‍വിസ്. മൂന്നുദിവസം എടുത്താണ് ജാര്‍വിസിന് രൂപം നല്‍കിയത്. ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് ഡോ. ടീന ജോസഫ്, കോളജ് ചെയര്മാന് ജോസ് തോമസ്, പ്രൊഫ. എം. യോഗേഷ് എന്നിവരുടെ സഹകരണത്തോടെയാണ് ജാര്‍വിസ് യാഥാര്‍ഥ്യമാക്കിയത്.
കാസര്‍കോഡ് സ്വദേശിയാണ് ഫയാസ്. സിദ്ധാര്‍ഥ് കണ്ണൂരുകാരനും ജോ പോള്‍ ആലുവക്കാരനുമാണ്.
ലോകത്തെ എന്തുകാര്യവും വിവരിക്കാന്‍ സാധിക്കുംവിധമാണ് ജാര്‍വിസിന്റെ പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഹോളിവുഡ് സിനിമയായ അയണ്‍മാനിലെ കഥാപാത്രമായ ജാര്‍വിസില്‍ നിന്നാണ് പേര് കടമെടുത്തത്. 30 മീറ്റര്‍ അകലത്തില്‍ റിമോട്ടില്‍ വര്‍ക്ക് ചെയ്യാന്‍ പാകത്തിലുള്ള റോബോട്ട് 15,000 രൂപയോളം ചെലവഴിച്ചാണ് നിര്‍മിച്ചത്. പഠിക്കുന്ന കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയേറെ ഉപകാരപ്പെടുന്നവിധത്തിലാണ് ജാര്‍വിസിന്റെ സംവിധാനം.
ജാര്‍വിസിന്റെ മുകളില്‍ സെറ്റ് ചെയ്തിരിക്കുന്ന മൈക്കില്‍ ചോദിച്ചാല്‍ അതിനനുസരിച്ച് വളരെ വേഗത്തില്‍ ഡാറ്റകള്‍ ചികഞ്ഞെടുത്ത് അവനില്‍നിന്നു മറുപടിയെത്തുന്നതാണ് രീതി. കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രോഗ്രാമായ ഡെക്കാത്തോണിലും ഇപ്പോള്‍ ജാര്‍വിസാണ് താരം. വാണിജ്യപരമായി ഇറക്കാന്‍ മുപ്പതിനായിരം രൂപയുടെ ചെലവ് മാത്രമെ ഉണ്ടാകൂവെന്നും സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഈ റോബോട്ട് അനുയോജ്യമാണെന്നും നിര്‍മാതാക്കളായ വിദ്യാര്‍ഥിസംഘം പറയുന്നു.