പാടശേഖരത്ത് മടവീഴ്ച; ലക്ഷങ്ങളുടെ നഷ്ടം
1373377
Sunday, November 26, 2023 12:41 AM IST
അമ്പലപ്പുഴ: വിത്ത് വിതച്ചതിനു പിന്നാലെ പാടശേഖരത്ത് മടവീഴ്ച. വിത്ത് കിളിർത്ത് ഞാറാകാൻ തുടങ്ങുന്നതിനു മുമ്പുള്ള മടവീഴ്ചയിൽ ലക്ഷങ്ങളുടെ നഷ്ടം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കരുമാടി വിളക്കുമരത്തിന് സമീപം 11 ഏക്കറുള്ള ചെമ്പിൽ പാടശേഖരത്താണ് ശനിയാഴ്ച പുലർച്ചെ മടവീണത്.
ഈ മാസം 15നായിരുന്നു ഡി വൺ ഉമ വിത്ത് വിതച്ചത്. ചൊവ്വാഴ്ച കളനാശിനി പ്രയോഗം ചെയ്യാനിരിക്കെയാണ് പുലർച്ചെ മടവീണ് കൃഷി നശിച്ചത്. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകൻ അപ്പു പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ തോരാതെ പെയ്യുന്ന മഴ മൂലം പമ്പയാറിന്റെ കൈവഴിയായ പൂക്കൈതയാറ് കരകവിഞ്ഞതാണ് പാടശേഖരത്ത് മട വീഴ്ചയുണ്ടാകാൻ കാരണമായത്. ഇനി മടയടയ്ക്കാനായി ലക്ഷങ്ങൾ ചെലവിടേണ്ട അവസ്ഥയിലാണ് കർഷകർ.
പൂക്കൈതയാറിൽനിന്നു വെള്ളം കയറി പാടശേഖരം കരകവിഞ്ഞു. കൃഷി ഭവനിൽനിന്ന് ലഭിച്ച വിത്തിന് മുളപ്പ് കുറവായതിനാൽ 15,000 രൂപയോളം ചെലവഴിച്ച് രണ്ടര ക്വിന്റൽ വിത്ത് പുറംവിപണിയിൽനിന്ന് വാങ്ങിയാണ് വിതച്ചത്. ഇതാണ് മട വീഴ്ചയിൽ നശിച്ചത്. മടവീഴ്ചയുണ്ടായപ്പോൾത്തന്നെ കുറ്റി നിറച്ച് മടവീഴ്ച തടയാൻ ശ്രമിച്ചെങ്കിലും കുത്തൊഴുക്കിൽ സാധിച്ചില്ല.