‘വീട്ടിലെത്തും ആരോഗ്യം’ പദ്ധതിക്കു തുടക്കം
1373367
Sunday, November 26, 2023 12:36 AM IST
അമ്പലപ്പുഴ: കിടപ്പുരോഗികളെ തേടി കരുണ്യം നിറഞ്ഞ മനസും മരുന്നുമായി ഡോക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘമെത്തുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ വീട്ടുപടിക്കലെത്തുന്ന ‘വീട്ടിലെത്തും ആരോഗ്യം’ എന്ന പുതിയ പദ്ധതിക്ക് തുടക്കമായത്.
ആഴ്ചയിൽ ഒരു ദിവസം രണ്ടു വാർഡുകളിലെ കിടപ്പുരോഗികളെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വീടുകളിലെത്തി പരിശോധിച്ച് കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ പറഞ്ഞു.
ഇതോടെ കിടപ്പുരോഗികളുടെ ബന്ധുക്കൾ മരുന്നിനായി ആശുപത്രിയിൽ വരുന്നത് ഒഴിവാക്കാനും കഴിയും. ഇതിനിടയിൽ എന്തെങ്കിലും ബുദ്ധിമുട്ട് കിടപ്പുരോഗിക്കുണ്ടായാൽ വീഡിയോ കോൾ മുഖേന വിവരങ്ങൾ കൈമാറുമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.
എംഎൽഎസ്പി നഴ്സ് ആമിന, പാലിയേറ്റീവ് നഴ്സ് ഷീല, ആശാ പ്രവർത്തകരായ സുധ, വിഭ, സുധമോൾ എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടറെക്കൂടാതെ മെഡിക്കൽ സംഘത്തിലുള്ളത്.