കുടിവെള്ള പൈപ്പുലൈൻ പൊട്ടുന്നതിന് പരിഹാരം കാണണം: ജില്ലാ ആസൂത്രണ സമിതി
1373366
Sunday, November 26, 2023 12:36 AM IST
ആലപ്പുഴ: വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ തുടർച്ചയായി പൊട്ടുന്ന സ്ഥിതിയുണ്ടാകുന്നതിന് പെട്ടന്നുതന്നെ പരിഹാരം കാണണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പി.പി. ചിത്തരഞ്ജൻ എം.എൽ.എ.
ഉന്നയിച്ച വിഷയത്തിലാണ് ആവശ്യമായ നടപടികൾ എടുക്കാൻ തീരുമാനമായത്. കൊമ്മാടി പാലത്തിനു സമീപത്തെ മിനിമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ലെന്നും എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി. മണ്ണഞ്ചേരി പഞ്ചായത്തിൽ പെരുന്തുരുത്തിക്കരി പാടശേഖരം സംരക്ഷണഭിത്തി കെട്ടൽ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും എം.എൽ.എ. നിർദ്ദേശിച്ചു.
ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിലാണ് ജില്ല ആസൂത്രണ സമിതി യോഗം ചേർന്നത്. എം.എൽ.എമാരായ തോമസ് കെ. തോമസ്, പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ല പ്ലാനിംഗ് ഓഫീസർ എ.പി. അനിൽകുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയപാത വികസനത്തോടനുബന്ധിച്ച് രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരോട് ജില്ല കളക്ടർ ആവശ്യപ്പെട്ടു.
എ.എം. ആരിഫ് എം.പി.യുടെ പ്രതിനിധി ആർ. സേതുനാഥ് ഉന്നയിച്ച വിഷയത്തിലാണ് തീരുമാനമായത്. വെളിയനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നിർമാണം ദ്രുതഗതിയിലാക്കണമെന്ന് തോമസ് കെ. തോമസ് എം.എൽ.എ. ആവശ്യപ്പെട്ടു. അരൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കെ- ഫോൺ ലഭ്യമാകുന്നില്ലെന്നും അതിന് ഉടനടി പരിഹാരം കാണണമെന്ന് ദലീമ ജോജോ എം.എൽ.എ ആവശ്യപ്പെട്ടു.
നെടുമ്പ്രക്കാട് വിളക്കുമരം പാലം നിർമ്മാണ പുരോഗതി, മറ്റത്തിൽ ഭാഗം ഗവൺമെന്റ് സ്കൂൾ നിർമാണ പുരോഗതി എന്നിവയും യോഗം ചർച്ച ചെയ്തു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്ന കാര്യം മന്ത്രി സജി ചെറിയാന്റെ പ്രതിനിധി ഡി.വി. ഷാജി യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
രണ്ട് ആർഡിഒമാരുടെ കീഴിലും ഭൂമി തരം മാറ്റുന്നതിന് സീനിയർ ക്ലർക്കുമാരെ നിയമിച്ചതായി ജില്ല കളക്ടർ യോഗത്തിൽ അറിയിച്ചു. ചെങ്ങന്നൂർ പൈതൽമല ബസ് സർവീസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കുന്നതിനും മഠത്തിൽ കടവ് പാലം നിർമാണത്തിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം നൽകുന്നതിനും യോഗം തീരുമാനിച്ചു.
ക്കുളത്ത് പാലം, കീച്ചേരി കടവ് പാലം എന്നിവയുടെ സ്ഥലമേറ്റെടുക്കൽ തുടങ്ങി വിഷയങ്ങളും യോഗം ചർച്ച ചെയ്തു. ഹരി്പാട് ബസ് സ്റ്റേഷനിൽ കെ.എസ്.ആർ.ടി.സി. ബസ്സുകൾ പ്രവേശിക്കുന്നുണ്ടെങ്കിലും ആവശ്യമായ സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. യുടെ പ്രതിനിധി ജോൺ തോമസ് യോഗത്തിൽ ചൂണ്ടിക്കാട്ടി.