കാർഷികമേഖലയെ സംരക്ഷിക്കാൻ കൊടിക്കുന്നിൽ സുരേഷിന്റെ ഉപവാസ സമരം
1373365
Sunday, November 26, 2023 12:36 AM IST
മങ്കൊമ്പ്: നെൽകാർഷിക മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി ത്രിദിന ഉപവാസ സമരം നടത്തുമെന്ന് കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28നു രാവിലെ ഒൻപതു മുതൽ 30 നു രാവിലെ 10 വരെ കുട്ടനാടിന്റെ ഭരണ സിരാകേന്ദ്രമായ മങ്കൊമ്പ് സിവിൽ സ്റ്റേഷനു മുന്പിലാണ് സമരം.
കുട്ടനാട്ടിൽ ഇനിയൊരു കർഷക ആത്മഹത്യകൂടി ആവർത്തിക്കാതിരിക്കുക, നെല്ലുസംഭരണ പരിധി പൂർണമായും എടുത്തുകളയുക, നെല്ലുസംഭരണം കാര്യക്ഷമമാക്കുക, കിഴിവു പൂർണമായും നിർത്തലാക്കുക, കൃഷിനാശം സംഭവിച്ചതിനു പ്രഖ്യാപിച്ച നഷ്ടപരിഹാരം അടിയന്തിരമായി കൊടുത്തുതീർക്കുക, മട കുത്തിയതിനുള്ള പണം കൊടുത്തുതീർക്കുക, മുടങ്ങിക്കിടക്കുന്ന പമ്പിംഗ് സബ്സിഡി, പ്രൊഡക്ഷൻ ബോണസ് എന്നിവ അടിയന്തരമായി കൊടുത്തുതീർക്കുക, പിആർഎസിൻമേൽ കർഷകർക്കു വായ്പ നൽകുന്നരീതി അവസാനിപ്പിച്ചു ബാങ്കുകളിൽനിന്നു സർക്കാർ വായ്പയെടുത്തു കർഷകരുടെ അക്കൗണ്ടുകളിൽ പണമെത്തിക്കുക, നെല്ലു സംഭരിച്ച് 14 ദിവസത്തിനുള്ളിൽ വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഡിസിസി ഭാരവാഹികളായ കെ.ഗോപകുമാർ, സജി ജോസഫ്, ജെ.ടി. റാംസേ, പി.ടി.സ്കറിയ, ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി.രാജീവ്, ജോർജ് മാത്യു പഞ്ഞിമരം, യുഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, വി.കെ.സേവ്യർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.