വേതനം മുടങ്ങുന്നെന്ന്
1373364
Sunday, November 26, 2023 12:36 AM IST
പത്തനംതിട്ട: സ്കൂൾ പാചക ത്തൊഴിലാളികളുടെ വേതനം മുടങ്ങൽ തുടർക്കഥയാകുന്നു. പാചകത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായിട്ടും സർക്കാർ തങ്ങളെ അവഗണിക്കുന്നതായി സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ പത്രസമ്മേളത്തിൽപറഞ്ഞു. മൂന്ന് മാസത്തെ ശമ്പളം ഇപ്പോഴും കുടിശികയാണ്.
ശരാശരി 20 പ്രവൃത്തിദിനം ലഭിക്കുന്ന തൊഴിലാളിയുടെ ദിവസ വേതനം 600 രൂപയാണ്
ഇതനുസരിച്ച് 20 ദിവസത്തിന് 12,000 രൂപയാണ് പ്രതിമാസം ലഭിക്കേണ്ടത്. മൂന്നും നാലും മാസം കൂടുമ്പോൾ രണ്ടുമാസത്തെ വേതനത്തിൽനിന്ന് ആയിരവും രണ്ടായിരവും പിടിക്കാറുണ്ട്. തൊണ്ണൂറു ശതമാനത്തിലധികവും സ്ത്രീകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
അഞ്ഞൂറ് കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന കണക്കിലാണ് ഇപ്പോൾ സ്കൂളുകളിലെ ഊട്ടുപുരകളുടെ പ്രവർത്തനം. എന്നാൽ ചോറും രണ്ടുകൂട്ടം കറികളും തയാറാക്കി വൈകുന്നേരം മാത്രമേ ഇവർക്ക് വീട്ടിൽ പോകാനാകൂ. പാത്രങ്ങളൊക്കെ കഴുകാൻ മറ്റാരുടെയും സഹായമില്ല.
കഠിനമായ അധ്വാനത്തിന് തുച്ഛമായ പ്രതിഫലമാണ് മിച്ചം.മുപ്പത് വർഷത്തിലധികമായി ഈ മേഖലയിൽ തുടർന്നിട്ടും ജോലി സ്ഥിരതയോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.