മുസ്ലിംലീഗിന്റെ പിറകേ നടന്ന് എല്‍ഡിഎഫ് നാണം കെടുന്നു: വെള്ളാപ്പള്ളി നടേശന്
1373362
Sunday, November 26, 2023 12:20 AM IST
ചേര്‍ത്തല: മുസ്ലിംലീഗിനെ മുന്നണിയിലെത്തിച്ചാല്‍ അത് എല്‍ഡിഎഫിന് ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി ഒമ്പതാം തവണ തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗിനെ പ്രീണിപ്പിച്ച് കൂടെക്കൂട്ടാനുള്ള എല്‍ഡിഎഫ് നീക്കം അപകടകരമാണെന്നും ലീഗിന്റെ പിറകെ പോയി എല്‍ഡിഎഫ് അഭിമാനം കളയരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി. ഡി. സതീശന്റേത് മാടമ്പി ഭാഷയാണ്. ഇരിക്കുന്ന കസേരയ്ക്കു യോജിക്കാത്ത രീതിയിൽ സംസാരിക്കുന്ന സതീശൻ ഉടൻ എന്തോ നേടുമെന്ന ഭാവത്തിലാണ്.
മുഖ്യമന്ത്രിയെ വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. എന്നാൽ സതീശന്റേത് അമ്പലപ്പറമ്പിലെ ഭാഷയാണ്. ഇത് ജനങ്ങൾ അംഗീകരിക്കില്ല. കോൺഗ്രസിലെ പഴയ നേതാക്കൾ ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. പല കഷണങ്ങളായ കോൺഗ്രസ് സർവനാശത്തിലേക്ക് പോകുകയാണ്. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്താനുള്ള ഭൗതികസാഹചര്യമാണ് നിലനിൽക്കുന്നത്.
നവകേരള സദസ് ബഹിഷ്കരിച്ച യുഡിഎഫ് പച്ചയായ രാഷ്ട്രീയം ജനങ്ങളോടു പറയാൻ എൽഡിഎഫിന് അവസരമൊരുക്കി. സർക്കാർ പരിപാടി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള അവസരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിനോട് മുസ്ലിം ലീഗ് ഇപ്പോള്‍ വിലപേശുകയാണ്.
കൂടുതല്‍ സീറ്റ് കിട്ടാനുള്ള അടവുനയമാണ് ലീഗിന്റേതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ക്ഷേമ പെന്ഷന് കുടിശികയായിരുന്നു. പെന്ഷന് വര്‍ധിപ്പിക്കുകയും കുടിശിക നല്‍കുകയും ചെയ്താണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് ഭരണത്തില്‍ പെന്ഷന് നാലുമാസം കുടിശികയായി. ശമ്പളം കിട്ടാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കോടതിയില്‍ പോകേണ്ടി വരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കിയ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എം.എന്‍.സോമന് ചെയര്‍മാനായും വെള്ളാപ്പള്ളി നടേശന് സെക്രട്ടറിയായും തുഷാര്‍ വെള്ളാപ്പള്ളി അസി.സെക്രട്ടറിയായും ട്രഷറര്‍ ആയി ഡോ.ജി. ജയദേവനും തെരഞ്ഞെടുക്കപ്പെട്ടു.
ചേര്‍ത്തലയില്‍ നടന്ന എസ് എന്‍ ട്രസ്റ്റ് പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഔദ്യോഗിക പക്ഷത്തിന് എതിരില്ല. തിങ്കളാഴ്ച എസ്എന്‍ ട്രസ്റ്റ് ഭാരവാഹികള്‍ സ്ഥാനമേല്‍ക്കും.