കർഷകർ നേരിടുന്ന വിഷയങ്ങൾ ഉയർത്തി ഭാരത് യാത്രികരുടെ കർഷകപദയാത്ര
1373358
Sunday, November 26, 2023 12:20 AM IST
ആലപ്പുഴ: കർഷക ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയ യാത്രികരായിരുന്ന കേരളീയർ ആലപ്പുഴ ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് സമ്മേളിച്ചു.
കർഷകർ നേരിടുന്ന പൊതുവായ വിഷയങ്ങൾ ഉയർത്തി പോരാട്ടം നടത്താൻ സംഗമം തീരുമാനിച്ചു. ഡിസംബർ ആദ്യവാരം ഭാരത് യാത്രികരുടെ നേതൃത്വത്തിൽ കർഷക സംരക്ഷണ പദയാത്ര നടത്തുമെന്ന് ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎയും ജനറൽ കൺവീനർ അഡ്വ. അനിൽ ബോസും അറിയിച്ചു.
കൊയ്ത്തു പാട്ടും നെല്ല് പാറ്റു പാട്ടും സംഗമത്തിൽ കർഷകർ അവതരിപ്പിച്ചു.കേരളത്തിന്റെ നെല്ലറകളെ സർക്കാർ കല്ലറകളാക്കി മാറ്റുകയാണെന്നും കാർഷിക മേഖലയിൽ സമരം നടത്തി പ്രത്യയശാസ്ത്ര രാഷ്ട്രീയം നടത്തിയിരുന്ന ഇടതുപക്ഷത്തിന് ഇപ്പോൾ സ്ഥലജല വിഭ്രാന്തിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജനങ്ങളെ സഹായിക്കാൻ എന്ന പേരിൽ ഇപ്പോൾ വിളിച്ചുചേർത്ത നവകേരള സദസ് കോമഡി ഷോയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഉമ്മൻചാണ്ടി സർക്കാരിന്റെ ജനസമ്പർക്ക പരിപാടികളെ ലോകം അംഗീകരിച്ചതാണെന്നും ഇപ്പോൾ നടക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ സ്പോൺസേഡ് മാജിക് പ്രോഗ്രാമാണെന്നും ഇത് ജനങ്ങൾ പുച്ഛിച്ചു തള്ളിക്കഴിഞ്ഞിരിക്കുകയാണെന്നും പറഞ്ഞു.
ഭാരത് യാത്രി സംഗമത്തിൽ അനിൽ ബോസ് അധ്യക്ഷത വഹിച്ചു. ഭാരതയാത്രികരായ ഗീത കൃഷ്ണൻ, എം.എ. സലാം, കെ. റ്റി. ബെന്നി, ഷീബ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.