നവകേരള സദസിനെച്ചൊല്ലി തുറവൂർ പഞ്ചായത്തിൽ ഏറ്റുമുട്ടൽ
1373357
Sunday, November 26, 2023 12:20 AM IST
തുറവൂർ: നവകേരള സദസിനോട് അനുബന്ധിച്ചുള്ള യോഗങ്ങളുടെ പേരിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. തുറവൂർ പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായത്. പഞ്ചായത്ത് യോഗത്തിലേക്ക് മുഴുവൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ആവശ്യം പ്രസിഡന്റും വൈസ് പ്രസിഡന്റും നിരസിച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം.
പഞ്ചായത്ത് കമ്മിറ്റിയിൽ സാധാരണ സെക്രട്ടറി ഒഴികെ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുക്കാറില്ല. എന്നാൽ നവകേരള സദസ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെക്കൂടി കമ്മിറ്റിയിൽ പ്രവേശിപ്പിക്കണമെന്ന സെക്രട്ടറിയുടെയും ഇടതുപക്ഷ അംഗങ്ങളുടെയും കടുംപിടിത്തമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്.
തുടർന്ന് പഞ്ചായത്ത് കമ്മിറ്റി കൂടുകയും അതിനുശേഷം ഉദ്യോഗസ്ഥർ കമ്മിറ്റിയിലേക്ക് കയറിവന്നപ്പോൾ യുഡിഎഫ് ജനപ്രതിനിധികൾ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് സെക്രട്ടറിയുടെ മുറിയിൽ ഉദ്യോഗസ്ഥർ യോഗം കൂടുകയും സെക്രട്ടറി കുഴഞ്ഞു വീണതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പഞ്ചയത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെ സെക്രട്ടറിയും ചില ഉദ്യോഗസ്ഥരും നവകേരള സദസിനോടനുബന്ധിച്ച് അങ്കണവാടി ജീവനക്കാരുടെയും ഹരിതകർമ സേനയുടെയും യോഗം വിളിക്കാനും ഫണ്ട് അനുവദിക്കാനുമുള്ള നീക്കമാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഉദ്യോഗസ്ഥരുടെ തന്നിഷ്ടം നടക്കില്ലെന്നുള്ള പ്രസിഡന്റിന്റെ യും വൈസ്പ്രസിഡന്റിന്റെയും കർശന നിലപാടാണ് ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരുമായുള്ള പ്രശ്നങ്ങളിലേക്കു നയിച്ചത്. തുടർന്ന് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ പ്രതിഷേധ യോഗം കൂടുകയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ. ജോർജിനെതിരേ പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തു.
യുഡിഎഫ് ഭരിക്കുന്ന തുറവൂർ പഞ്ചായത്തിൽ യാതൊരു കാരണവശാലും നവകേരള സദസുമായി സഹകരിക്കുകയില്ല എന്നാണ് ഭരണസമിതിയുടെ നിലപാട്. എന്നാൽ എന്തുവിലകൊടുത്തും പഞ്ചായത്ത് സഹകരിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെയും ഇടതുപക്ഷ ജനപ്രതിനിധികളുടെയും നിലപാട്.