രണ്ടാംകൃഷി ജില്ലയില്‍ 21,616 ടണ്‍ നെല്ല് സംഭരിച്ചു
1373354
Sunday, November 26, 2023 12:20 AM IST
എടത്വ: രണ്ടാംകൃഷി വിളവെടുപ്പില്‍ ജില്ലയില്‍നിന്ന് സിവില്‍ സപ്ലൈസ് കോര്പറേഷന് 21,616 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 10.6 കോടി രൂപ വിതരണം ചെയ്തു.
9,000 ഹെക്ടര്‍ പാടശേഖരത്തില്‍ വിളവെടുപ്പു നടത്തിയ 6,132 ഹെക്ടറില്നിന്നാണ് 21,616 മെട്രിക് ടണ്‍ നെല്ല് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അംഗീകൃത ഏജന്‍സികളായ മില്ലുടമകള്‍ സംഭരിച്ചത്. 2,868 ഹെക്ടറിലാണ് ഇനി രണ്ടാം കൃഷി വിളവെടുപ്പ് നടക്കാനുള്ളത്.
നെല്ല് സംഭരണ ഇനത്തില്‍ ഇതിനോടകം 10.6 കോടി രൂപ വിതരണം ചെയ്തു. എസ്ബിഐ, കനറാ ബാങ്കുകള്‍ വഴിയാണ് തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. 27.63 കോടി രൂപയുടെ പേ ഓര്‍ഡറും നല്‍കിയതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറഞ്ഞു. ജില്ലയിലെ പിആര്‍എസ് ലഭിച്ച 3,573 കര്‍ഷകരുടേതാണിത്. സമയബന്ധിതമായി ഈ തുകയും വിതരണം ചെയ്യും.
കഴിഞ്ഞ സീസണുകളില്‍ എസ്ബിഐ, കനറാ, ഫെഡറല്‍ ബാങ്കുകള്‍ വഴി തുക വിതരണം ചെയ്തെങ്കില്‍ രണ്ടാം കൃഷിയുടെ തുക വിതരണത്തില്‍ ഇക്കുറി ഫെഡറല്‍ ബാങ്ക് ഒഴികെയുള്ള മറ്റ് രണ്ട് ബാങ്കുകള്വഴിയാണ് തുക വിതരണം ചെയ്ത ത്.
പേ ഓര്‍ഡര്‍ നല്കിയതിനാല് ഉടന്‍ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കഴിഞ്ഞ പുഞ്ച കൃഷിയില്‍ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാന്‍ ആറു മാസം വരെ കര്‍ഷകര്‍ക്ക് കാത്തിരിക്കേണ്ടതായി വന്നു. ഇത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
കൃഷിയിറക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും പലിശയ്ക്ക് പണമെടുത്ത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് സമയബന്ധിതമായി പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ജില്ലയില്‍ കര്‍ഷക ആത്മഹത്യവരെ നടന്നു.
ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. പുഞ്ചക്കൃഷിയുടെ തുക വിതരണം ചെയ്തതിലെ കാലതാമസം വച്ചു നോക്കുമ്പോള്‍ രണ്ടാം കൃഷിയുടെ സംഭരണവില അതിവേഗം ലഭിച്ചതില്‍ ഏറെ സന്തുഷ്ടരാണ് കര്‍ഷകര്‍.
തുടരെത്തുടരെ ജലനിരപ്പ് ഉയരുന്നതും കിഴക്കന്‍ വെള്ളത്തിന്റെ വരവും നിമിത്തം അടുത്ത പുഞ്ചക്കൃഷിയിറക്ക് വൈകുന്നതിലെ ആശങ്ക നിലനില്‍ക്കെ കൃഷിയിറക്കിയാല്‍ എന്താകുമെന്ന മനോവിഷമത്തിലാണ് ജില്ലയിലെ നെല്‍കര്‍ഷകര്‍.