തകഴി-കുന്നുമ്മ-മുക്കട വഴിയിൽ ദുരിതം
1338773
Wednesday, September 27, 2023 10:41 PM IST
അമ്പലപ്പുഴ: തകഴി കുന്നുമ്മ മുക്കടയിലെ കൊച്ചുപുത്തൻകരി വഴിയിലൂടെ യാത്ര ചെയ്യണമെങ്കിൽ കുറഞ്ഞതു സർക്കസെങ്കിലും അറിഞ്ഞിരിക്കണം. കാലങ്ങളായി തുടരുന്ന തങ്ങളുടെ യാത്രാദുരിതത്തിന് ഇനിയും പരിഹാരം കാണാത്തതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ.
തകഴി കുന്നുമ്മ മുക്കട പാലത്തിനു പടിഞ്ഞാറാണ് നൂറോളം കുടുംബങ്ങൾ പുറംലോകത്തെത്താൻ വലയുന്നത്. പുറക്കാട് , കരുവാറ്റ പഞ്ചായത്തുകളുടെ അതിർത്തി കൂടിയാണ് ഈ പ്രദേശം.
മുക്കടയിലെ കൊച്ചുപുത്തൻകരി പാടശേഖരത്തിന്റെ ഈ വരമ്പാണ് നാട്ടുകാർക്കു പുറംലോകത്തെത്താനുള്ള ഏക ആശ്രയം. ഒരു മീറ്റർവീതി പോലുമില്ലാത്ത ഈ വഴിയിലൂടെ സർക്കസ് അഭ്യാസം കാട്ടിയാണ് കാൽനട യാത്രക്കാരും ഇരുചക്ര വാഹനക്കാരും യാത്ര ചെയ്യുന്നത്.
തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയക്കാർ
തെരഞ്ഞെടുപ്പു കാലമാകുമ്പോൾ നിരവധി പ്രഖ്യാപനങ്ങളുമായി രാഷ്ട്രീയക്കാരും സ്ഥാനാർഥികളുമെത്തും. എന്നാൽ ഇതിനു ശേഷം തങ്ങളെ തിരിഞ്ഞു നോക്കാറില്ലെന്നാണ് ഇവരുടെ പരാതി. ആഴമേറിയ വലിയ കുഴികൾ മാത്രമാണ് രണ്ടര കിലോമീറ്റർ നീളമുള്ള ഈ വഴിയിലുള്ളത്. മഴ കഴിഞ്ഞതോടെ ചെളി നിറഞ്ഞു കിടക്കുന്നതിനാൽ നടന്നുപോലും പോകാൻ കഴിയാത്ത സ്ഥിതിയായി. നടന്നും സൈക്കിളിലും പോകുന്ന വിദ്യാർഥികൾക്ക് ഈ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നതും യൂണിഫോമിൽ ചെളി പുരളുന്നതും നിത്യ സംഭവം.
മുഖംതിരിച്ചു
പഞ്ചായത്തുകൾ
യാത്രാദുരിതം വർധിച്ചതോടെ നാട്ടുകാർ സ്വന്തം ചെലവിൽ മണ്ണിട്ടാണ് താത്കാലിക യാത്രാ സൗകര്യമൊരുക്കിയിരിക്കുന്നത്. മൂന്നു പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ ഒരു പഞ്ചായത്തും തങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാൻ ഒരു ശ്രമവും നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സന്ധ്യ കഴിഞ്ഞാൽ വിഷപ്പാമ്പുകളുടെ കേന്ദ്രമായ ഇതിലെ യാത്ര ചെയ്യാൻ നാട്ടുകാർക്കു ഭയമാണ്. അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിലെത്തിക്കാൻപോലും കഴിയാത്ത നിസഹായവസ്ഥയിലാണ് പ്രദേശവാസികൾ. 200 ഓളം കുടുംബങ്ങളുടെ ഏക യാത്രാമാർഗമാണ് ഈ രീതിയിൽ തകർന്നു കിടക്കുന്നത്. ഈ യാത്രാദുരിതം എന്നുതീരുമെന്ന ചോദ്യമാണ് പഞ്ചായത്ത് അധികാരികളോട് നാട്ടുകാർ ചോദിക്കുന്നത്.