ഷാരോൺ വധക്കേസ്: ഗ്രീഷ്മ ജയിൽമോചിതയായി
1338514
Tuesday, September 26, 2023 11:18 PM IST
മാവേലിക്കര: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. മാവേലിക്കര സബ് ജയിലിൽ രാത്രിയോടെ അഭിഭാഷകരെത്തിയശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്.
അഭിഭാഷകരായ സുനീഷ്, ചന്ദ്രലേഖ, കോടതി ജീവനക്കാരി, അമ്മാവൻ എന്നിവരാണ് ഗ്രീഷ്മയെ കൊണ്ടുപോകാൻ എത്തിയത്. കുറ്റബോധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി.
കോടതി തീരുമാനിക്കട്ടെ എന്നും തനിക്കൊന്നും പറയാനില്ലെന്നും പറഞ്ഞ് ഗ്രീഷ്മ കാറിൽ കയറി. ഇന്നലെയാണ് ഹൈക്കോടതി കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടർന്നാണ് മാവേലിക്കര ജയിലിലേക്ക് മാറ്റിയത്.
സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാൽ ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ സാധിക്കില്ലെന്ന് ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബർ 31നായിരുന്നു പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.
സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തിൽനിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.