സപ്ലൈകോ ഔട്ട് ലെറ്റുകൾ നോക്കുകുത്തി; മാർക്കറ്റുകളിൽ ക്ഷാമം
1338213
Monday, September 25, 2023 9:44 PM IST
തുറവൂർ: ഓണം കഴിഞ്ഞതോടെ സപ്ലൈകോ മാർക്കറ്റുകളിൽ അരിയുൾപ്പടെയുള്ള അവശ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്നു വ്യാപക പരാതി. പൊതു മാർക്കറ്റുകളിലും സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലും നിത്യോപയോഗ സാധനങ്ങൾ യഥേഷ്ടം ലഭിക്കുമെങ്കിലും വലിയ വില നൽകേണ്ടി വരുന്നതിനാൽ സാധാരണക്കാരായ ജനങ്ങളെ ഇതു ദുരിതത്തിലാക്കുന്നു.
സർക്കാരിന്റെ പൊതു വിതരണ കേന്ദ്രങ്ങളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും നിത്യോപയോഗ സാധനങ്ങളും ലഭിക്കാത്തതാണ് പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരാൻ കാരണം. നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് അവശ്യസാധനങ്ങൾക്കായി പല കടകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ പലതിലും നിത്യോപയോഗ സാധനങ്ങൾക്കു വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാനിത്യോപയോഗ സാധനങ്ങളും ലഭിക്കുന്ന ഹൈടെക് സൂപ്പർമാർക്കറ്റുകൾ നാട്ടിൽ സുലഭമായിരിക്കുന്ന അവസരത്തിൽ കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ സപ്ലൈകോ മാർക്കറ്റുകളിൽ എത്തുന്നവർ നിരാശരായി മടങ്ങുകയാണ്.
നിത്യോപയോഗ
സാധനമില്ല
നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, വൻപയർ, കടല,ചെറുപയർ, ഉള്ളി ,വറ്റൽ മുളക് തുടങ്ങിയ സാധനങ്ങൾ ഒന്നും തന്നെ ഓണത്തിനുശേഷം സപ്ലൈകോയിൽ എത്തിയിട്ടില്ലെന്നു ജീവനക്കാർ പറയുന്നു. സ്വകാര്യ സൂപ്പർമാർക്കറ്റുകളിൽ കച്ചവടം പൊടിപൊടിക്കുമ്പോഴും നിത്യോപയോഗ സാധനങ്ങൾക്കായി സപ്ലൈകോ മാർക്കറ്റുകളിൽ വരി നിന്നു മടങ്ങി പോകേണ്ട ഗതികേടിലാണ് പൊതുജനം.
ചേർത്തല താലൂക്കിന്റെ വടക്കൻമേഖലയിൽ വയലാർ നാഗംകുളങ്ങര, പൊന്നാം വെളി, തുറവൂർ, കുത്തിയതോട്, എരമല്ലൂർ, അരൂർ തുടങ്ങിയ സ്ഥലങ്ങളിലെ സപ്ലൈകോ മാർക്കറ്റുകളിൽ അവശ്യസാധനങ്ങൾക്കു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. സാധനങ്ങൾ സപ്ലൈ ചെയ്യുന്നവർക്കു കൃത്യമായി പണം നൽകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നു ജീവനക്കാർ പറയുന്നു.