ബോട്ടുകൾ വൃത്തിഹീനമായ അവസ്ഥയിൽ സർവീസ് നടത്തുന്നു
1338211
Monday, September 25, 2023 9:44 PM IST
ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ ദീർഘദൂര സർവീസ് നടത്തുന്ന ബോട്ടുകളിലെ ജീവനക്കാർക്കും യാത്രക്കാർക്കും ബോട്ടുകൾക്കുള്ളിൽ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമില്ലെന്നു പരാതി. ബോട്ടുകളിൽ ടോയ് ലറ്റുണ്ടെങ്കിലും അവ ഉപയോഗശൂന്യമാണ്. ഏറെ തിരക്കുള്ള ആലപ്പുഴ- കാവാലം ജലപാതയിലൂടെ ഓടുന്ന ബോട്ടുകളിൽ പലതിന്റെയും ടോയ് ലറ്റിൽ കയറാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഷാപ്പുകൾ, കായലുകൾ, പാടശേഖരങ്ങൾ ഈ പാതയിലുള്ളതിനാൽ ബോട്ടുകളിൽ എല്ലാ സമയത്തും അത്യാവശ്യം തിരക്കുമുണ്ട്. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരാണ് ബോട്ടുകളിലുണ്ടാകുക.
പുതിയതായി ടോയ് ലറ്റ് നിർമിച്ച ബോട്ടുകളിലാണ് ദുരിതം. പഴയ ബോട്ടുകളിലെ ടോയ് ലറ്റുകളിൽ മലമൂത്ര വിസർജനം നടത്തുകയാണെങ്കിൽ അത് നേരെ ജലാശയങ്ങളിലേക്കാണ് വീണിരുന്നത്. ഇത് ജലാശയങ്ങളെ മലിനമാക്കുമെന്ന ചിന്തയിൽ നിന്നാണ് ബോട്ടുകളിൽ യൂറോപ്യൻ ക്ലോസറ്റുകൾ ഘടിപ്പിച്ചത്. വൃത്തിഹീനമായ ക്ലോസറ്റുകൾ വൃത്തിയാക്കാൻഅധികൃതർ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. 24 മണിക്കൂറോളം ഒരേ ബോട്ടിൽ തന്നെ ജോലി ചെയ്യുന്ന ജീവനക്കാരാണ് ബോട്ടിലുള്ള സൗകര്യക്കുറവു കാരണം കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്. ഇതോടൊപ്പം ഒന്നര മണിക്കൂറോളം ബോട്ടിലിരിക്കേണ്ടി വരുന്ന യാത്രക്കാരും.