സ്കൂളിനുനേരെ വീണ്ടും സാമൂഹ്യവിരുദ്ധ ആക്രമണം
1338209
Monday, September 25, 2023 9:44 PM IST
അമ്പലപ്പുഴ: സ്കൂളിനുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ജനൽച്ചില്ലുകൾ തകർത്തു. കാക്കാഴം എസ്എൻവി ടിടിഐ സ്കൂളിന്റെ ജനൽച്ചില്ലുകളാണ് തകർത്തത്. പുതുതായി നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ നിരവധി ജനൽച്ചില്ലുകളാണ് സാമൂഹ്യവിരുദ്ധ ആക്രമണത്തിൽ തകർന്നത്.
പ്രദേശത്ത് വൈകുന്നേരങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചുവരികയാണ്. ഇതു രണ്ടാം തവണയാണ് സ്കൂളിൽ ആക്രമണത്തിൽ ജനൽച്ചില്ലുകൾ തകർക്കുന്നതെന്ന് പ്രഥമാധ്യാപിക ചാന്ദ്നി പറഞ്ഞു. ഏതാനും മാസം മുൻപ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കാൻ വച്ച ടോയ്ലെറ്റിന്റെ ഫിറ്റിംഗ്സും മോഷണം പോയിരുന്നു.
അന്നു പരാതി നൽകിയിട്ട് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ലെന്നും പ്രഥമാധ്യാപിക പറഞ്ഞു. സ്കൂളിനുനേരെ തുടർച്ചയായി നടക്കുന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാൻ പോലീസ് തയാറാകണമെന്ന് പി ടിഎ പ്രസിഡന്റ് സുബൈർ ആവശ്യപ്പെട്ടു. പരാതി നൽകിയതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസെത്തി അന്വേഷണം ആരംഭിച്ചു.