മാന്നാറിൽ തെരുവുനായ്ക്കളെ തളയ്ക്കാൻ ജനകീയസദസ്
1338207
Monday, September 25, 2023 9:44 PM IST
മാന്നാർ: മാന്നാറിൽ തെരുവുനായ്ക്കളെ കൂട്ടിലാക്കാൻ ജനകീയ സദസ് സംഘടിപ്പിക്കും. തെരുവുനായ് ശല്യത്തിനു ശാശ്വതപരിഹാരം കാണാൻ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജനകീയ സദസ് സംഘടിപ്പിക്കുന്നത്. ജനകീയ സദസിന്റെ വിജയത്തിനായുള്ള സംഘാടകസമതി ഇന്നുച്ചക്കഴിഞ്ഞ് 2.30ന് പഞ്ചായത്തിൽ ചേരും. എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സമുദായനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
മാന്നാർ മുട്ടേൽ ജംഗ്ഷനിൽ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാൻ ഷെൽറ്റർ നിർമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ജനകീയസദസിൽ ചർച്ച ചെയ്യും. കൂടാതെ അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികളും തയാറാക്കും.
തെരുവുനായ ശല്യത്തിനു ശാശ്വതപരിഹാരം കാണാൻ എല്ലാ ജനവിഭാഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിനൊപ്പം ആശയങ്ങൾക്കുമായിട്ടാണ് ജനകീയസദസ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിൽ മാന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമണത്തിൽ പതിമൂന്നു പേർക്കു പരിക്കേറ്റിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെതുടർന്നാണ് പഞ്ചായത്ത് ജനകീയ സദസുമായ രംഗത്തെത്തിയിരിക്കുന്നത്.