മാന്നാറിൽ വീടുകളിൽ മോഷണം
1337992
Sunday, September 24, 2023 10:35 PM IST
മാന്നാർ: കുട്ടംപേരൂർ ഊട്ടുപറമ്പ് ജംഗ്ഷനു സമീപമുള്ള രണ്ടു വീടുകളിൽ മോഷണം. മാന്നാർ കുട്ടംപേരൂർ ദീപ്തിയിൽ ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും രാജശ്രീയിൽ രാജശേഖരൻ പിള്ളയുടെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീട്ടുകാർ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. രാവിലെ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി കാമറകൾ ഉൾപ്പെടെ നശിപ്പിച്ച നിലയിലാണ്. രണ്ടു വീടുകളിലും സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ എല്ലാംതന്നെ മോഷ്ടാക്കൾ ദിശ മാറ്റിയ നിലയിലായിരുന്നു. വീട്ടിനുള്ളിൽനിന്നും സിസിടിവി കാമറയുടെ ഡിവിആർ ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി.
ഡോ. ദിലീപ്കുമാറിന്റെ വീടിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്രില്ലുകളുടെ താഴുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്. വീടിനുള്ളിൽ അലമാരകളും മേശയും കുത്തിത്തുറന്ന നിലയിലാണ്.
മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിക്കാൻ സമീപവീടുകളിൽ സിസിടിവി കാമറകൾ ഉണ്ടോയെന്ന് അന്വേഷിച്ചുപോയ പോലീസ് ഉദ്യോഗസ്ഥനാണ് രാജശേഖരൻ നായരുടെ വീടിനു മുൻവശം ചെടിച്ചട്ടി മറിഞ്ഞുകിടക്കുന്നതും മുകൾ നിലയിലെ വാതിൽ തുറന്നു കിടക്കുന്നതും കണ്ടത്. അതോടെയാണ് ഇവിടെയും മോഷണം നടന്നുവെന്നുള്ള സംശയം ബലപ്പെട്ടത്. പ്രവാസിയായ അദ്ദേഹവും കുടുംബവും വിദേശത്താണ്.
തുടർന്ന് രാജശേഖരൻ പിള്ളയുടെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോളാണ് അവിടെയും മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് പരിശോധിച്ചപ്പോൾ ഈ വീടിന്റെയും സിസിടിവി കാമറകൾ ദിശ മാറ്റി ഇട്ടിരിക്കുന്ന നിലയിൽ കാണപ്പെട്ടു.
രാജശേഖരൻ പിള്ളയുടെ വീടിന്റെ മുൻവശത്തെ വാതിൽ കമ്പിപ്പാരയോ മറ്റോ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. എല്ലാ മുറികളുടെയും വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു.
വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾ ലോക്കറുകൾ ഉൾപ്പെടെ തകർത്തതായിട്ടാണ് വിവരം. ഉടമയും കുടുംബവും എത്തിയാൽ മാത്രമേ എന്തൊക്കെയാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന വിവരം ലഭിക്കൂ. ആലപ്പുഴയിൽനിന്നുള്ള കെ നയൻ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ആലപ്പുഴ ഫിങ്കർ പ്രിന്റ് ബ്യൂറോയിൽ നിന്ന് വിരലടയാള വിദഗ്ധരെത്തിപരിശോധന നടത്തി.