നെല്ലുസംഭരണം അനിശ്ചിതത്വത്തിൽ
1337990
Sunday, September 24, 2023 10:35 PM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് കൃഷിഭവൻ പരിധിയിലുള്ള പരപ്പിൽ പാടശേഖരത്തെ 30 ഏക്കറിൽ കൃഷി ചെയ്യുന്ന 19 കർഷകരുടെ നെല്ലുസംഭരണം അനിശ്ചിതത്വത്തിൽ. അടിയന്തരമായി നെല്ലുസംഭരിക്കണമെന്ന് നെൽകർഷക സംരക്ഷണസമിതി ആവ ശ്യപ്പെട്ടു. സപ്ലൈകോയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് 19 പേർക്കും പിആർഎസ് നമ്പർ ലഭിച്ചിട്ടും രണ്ടാം കൃഷിയുടെ കൊയ്ത്തു കഴിഞ്ഞ് എട്ടു ദിവസമായിട്ടും സപ്ലൈകോ നെല്ലുസംഭരണം ആരംഭിച്ചിട്ടില്ല.
പ്രതികൂലമായ കാലാവസ്ഥയും ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയും മൂലം ആശങ്കയിലും ദുരിതത്തിലുമായ കർഷകർ, കിട്ടിയ വിലയ്ക്ക് നെല്ല് വിൽക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും കർഷകർ പറയുന്നു.
പുഞ്ചകൃഷിയുടെ നെല്ലുസംഭരണത്തിൽ തുടർന്ന അലംഭാവം രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. പുഞ്ചകൃഷിക്ക് നൽകിയ നെൽവിലയായ 28.32 രൂപയും കേന്ദ്രസർക്കാർ വർധിപ്പിച്ച താങ്ങുവിലയായ ഒരു രൂപ 43 പൈസയും സംസ്ഥാന സർക്കാ ർ പല ഘട്ടങ്ങളിലായി വർധിപ്പിച്ച ഒരു രൂപ 72 പൈസയും ചേർത്ത് 31 രൂപ 47 പൈസ നൽകി നെല്ലുസംഭരിക്കണമെന്നാണ് കർഷകരും കർഷക സംരക്ഷണസമിതിയും ആവശ്യപ്പെടുന്നത്.
സംസ്ഥാന സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും കർഷകരുടെ മുഴുവൻ നെല്ലും സംഭരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വർധിപ്പിച്ച നെല്ലുവിലയായ 31 രൂപ 47 പൈസ നിരക്കിൽ കർഷകരുടെ അക്കൗണ്ടിൽ പണം എത്തിക്കണമെന്നും രണ്ടാം കൃഷിയുടെ തുടക്കത്തിൽ തന്നെ ഉണ്ടായിരിക്കുന്ന പാളിച്ച തിരുത്തി മുന്നോട്ടു പോകണമെന്നും ആശങ്കയിൽ ആയിരിക്കുന്ന കർഷകരെ വിശ്വാസത്തിൽ എടുക്കണമെന്നും നെൽ കർഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു.
ദുരിതം നേരിൽ കണ്ട് മനസി ലാക്കുന്നതിനും നെൽകർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും കർഷക സംരക്ഷണ സമിതി ഭാരവാഹികളായ വി.ജെ. ലാലി, ജയിംസ് കല്ലുപാത്ര, കോ-ഓർഡിനേറ്റർ ജോസ് കാവനാട്, വർക്കിംഗ് പ്രസിഡന്റ് പി.ആർ. തീശൻ, വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൽ, പി. വേലായുധൻ നായർ, ഷാജി മഠത്തിൽ, അനിൽകുമാർ അമ്പലപ്പുഴ, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവർ പാടശേഖരം സന്ദർശിച്ച് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.