സ്വകാര്യകമ്പനികൾ കർഷകരെ ചൂഷണം ചെയ്യുന്നു: എ.എ. ഷുക്കൂർ
1337989
Sunday, September 24, 2023 10:31 PM IST
അമ്പലപ്പുഴ: സർക്കാർ അനാസ്ഥമൂലം സ്വകാര്യകമ്പനികൾ കർഷകരെ ചൂഷണം ചെയ്യുന്നതായി കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. പുന്നപ്ര കിഴക്ക് പരപ്പിൽ പാടത്തിലെ കൊയ്ത നെല്ല് സർക്കാർ ഉടൻ സംഭരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലെ ഈ സീസണിലെ ആദ്യ കൊയ്ത്തു നടന്ന പുന്നപ്ര പരപ്പിൽ മുപ്പത്തിമൂന്ന് ഏക്കർ പാടത്തിലെ നെല്ല് ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര അനാസ്ഥ മൂലം കർഷകർ ദുരിതത്തിലാണ്. മഴമൂലം കൂട്ടിയിട്ടിരിക്കുന്ന നെല്ല് നശിക്കുമെന്ന ഭീതിയിലാണവർ. കർഷകരുടെ ഈ ആശങ്ക ചൂഷണം ചെയ്ത് സ്വകാര്യ കമ്പനികൾ കുറഞ്ഞ നിരക്കിൽ നെല്ല് സംഭരിക്കുന്നു.
വായ്പയെടുത്ത് കൃഷി ചെയ്യുന്നവർക്ക് വലിയ നഷ്ടമാണ് സപ്ലൈകോയും കൃഷിവകുപ്പും വരുത്തിവയ്ക്കുന്നത്. ഈ സാഹചര്യത്തിൽ നെൽച്ചാക്കുകളുമായി നാഷണൽ ഹൈവേ ഉപരോധമുൾപ്പെടെയുള്ള കർഷക പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണൻ പുത്തൻമഠം, വിഷ്ണു പ്രസാദ് വാഴപ്പറമ്പിൽ, ബാബു വാളൻപറമ്പിൽ, എസ്.ഗോപകുമാർ, ബാബു മാർക്കോസ്, പി.എ. കുഞ്ഞുമോൻ, ശ്രീകുമാർ, അശോകൻ എന്നിവർ പ്രസംഗിച്ചു.