കൽക്കെട്ടുകൾ തകർന്നു; തീരവാസികൾ വേലിയേറ്റ ഭീതിയിൽ
1337988
Sunday, September 24, 2023 10:31 PM IST
പൂച്ചാക്കൽ: വേമ്പനാട്ട് കായൽതീരത്തെ കൽക്കെട്ടുകൾ തകർന്നു. തീരദേശവാസികൾ വേലിയേറ്റ ഭീതിയിൽ. അരൂക്കുറ്റി, പാണാവള്ളി,തൈക്കാട്ടുശേരി, പള്ളിപ്പുറം തുടങ്ങിയ മേഖലകളിലാണ് കൽക്കെട്ടുകൾ തകർന്ന് ഭീഷണി നേരിടുന്നത്.
വർഷങ്ങൾക്ക് മുൻപ് സർക്കാർ തലത്തിൽ നിർമിച്ചതാണ് തീരദേശ കൽക്കെട്ടുകൾ. ഇതു പൂർണമായും തകർന്നിട്ട് വർഷങ്ങളായി. തീരത്തോട് ചേർന്ന കരപ്രദേശം കായൽ കവർന്നെടുത്തുകൊണ്ടിരിക്കുകയാണ്. തീരം ഇടിയുന്നതിനെത്തുടർന്ന് വശങ്ങളിൽ നിന്നിരുന്ന തെങ്ങുകളും മറ്റ് വൃക്ഷങ്ങളും ഓരോന്നായി കടപുഴകി വീണു കൊണ്ടിരിക്കുകയാണ്.
സ്വകാര്യവ്യക്തികൾ പണം മുടക്കി നിർമിച്ച കൽക്കെട്ടുകളാണ് ചിലയിടങ്ങളിലെങ്കിലും അവശേഷിക്കുന്നത്. കഴിഞ്ഞ പ്രളയത്തിനിടയ്ക്ക് കായലിൽനിന്നും കരയിലേക്ക് വെള്ളം കയറിയത് കൽക്കെട്ടുകൾ തകർന്നതിനാലാണ്. കൽക്കെട്ടുകളുള്ള മേഖലകളിലെ വീടുകൾ സുരക്ഷിതമായി നിന്നപ്പോൾ ഇതില്ലാത്ത സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറിയിരുന്നു.
തന്മൂലം നിരവധി കുടുംബങ്ങൾക്ക് ദിവസങ്ങളോളം ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയേണ്ടിയും വന്നു. വേലിയേറ്റ സമയത്തും വീടുകളിലേക്ക് കായൽവെള്ളം എത്താറുണ്ട്. കായൽ ജലനിരപ്പിൽ നിന്നും മൂന്നടിയോളം ഉയരത്തിയാണ് മുൻപ് കൽകെട്ടുകൾ നിർമിച്ചിരുന്നത്.
ഇതത്രയും ഇന്ന് തകർന്ന് മണ്ണിനടിയിലും കായലിലുമാണ്. ശക്തമായ കൽക്കെട്ട് ഉണ്ടായിരുന്നെങ്കിൽ വെള്ളം കരയിലേക്ക് കയറുകയില്ലായിരുന്നെന്നാണ് തീരദേശവാസികൾ പറയുന്നത്. തകർന്ന കൽക്കെട്ടുകൾ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികൾ നിരവധി തവണ അധികൃതർക്കു പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.