അങ്കണവാടി സ്ഥലം സ്വകാര്യവ്യക്തി കൈയേറിയതായി പരാതി
1337987
Sunday, September 24, 2023 10:31 PM IST
തുറവൂർ: അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ ആഞ്ഞിലിക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന സി.എസ്. മുപ്പതാം നമ്പർ അങ്കണവാടിയുടെ സ്ഥലം സമീപവാസി കൈയേറിയതായി പരാതി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സംയോജിത ശിശു വികസന പദ്ധതി പ്രോജക്റ്റ് ഓഫീസർക്കാണ് പരാതി നൽകിയിരിക്കുന്നത്.
ഏകദേശം നാൽപതു വർഷങ്ങൾക്ക് മുൻപ് അരൂർ ആഞ്ഞാലിക്കാട് ശ്രീമഹാ വിഷ്ണു ഷൺമുഖ ക്ഷേത്രം അങ്കണവാടി നിർമിക്കാനായി ഐസിഡിഎസിന് ദാനമായി രണ്ടു സെന്റ് സ്ഥലം നൽകിയിരുന്നു.
ഈ സ്ഥലത്തിന്റെ തെക്കു ഭാഗത്ത് താമാസിക്കുന്ന വ്യക്തി സ്ഥലം കൈയേറി വേലിയും ഷെഡ്ഡും നിർമിച്ചിരിക്കുകയാണ്. ദേവസ്വത്തിന്റെ 35 സെന്റ് സ്ഥലത്തുനിന്നാണ് അങ്കണവാടിക്ക് രണ്ടു സെന്റ് സ്ഥലം നൽകിയത്. ഈ രണ്ടു സെന്റ് സ്ഥലത്ത് ശുചിമുറി, ഹാൾ, കളി സ്ഥലം എന്നിവയ്ക്കുവേണ്ടിയാണ് വിനയോഗിക്കേണ്ടത്.
സ്ഥലം കൈ യേറിയതോടെ കുട്ടികൾക്കു കളിസ്ഥലം ഇല്ലാതായിരിക്കുകയാണ്. കെട്ടിടത്തിനു ചുറ്റുമതിൽ നിർമിക്കാൻ പറ്റാത്ത അവസ്ഥയാണ്. സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി, ആലപ്പുഴ ജില്ലാ കളക്ടർ, അരൂർ പഞ്ചായത്ത് പ്രസിഡന്റ്, തഹസിൽദാർ, വനിത ശിശു വികസന ഓഫീസർ എന്നിവർക്ക് ദേവസ്വം പ്രസിഡന്റ് കെ. കുമരൻകുട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
അങ്കണവാടി സ്ഥലം കൈയേ റ്റം ഒഴിപ്പിച്ച് മതിലു കെട്ടി സംരക്ഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.