പോഷകസമൃദ്ധി മിഷൻ വഴി കൃഷി വ്യാപിപ്പിക്കും: മന്ത്രി പ്രസാദ്
1337981
Sunday, September 24, 2023 10:31 PM IST
ആലപ്പുഴ: പോഷക സമൃദ്ധി മിഷൻ വഴി ഓരോ വർഷവും 25,000 കുടുംബങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പി. പ്രസാദ്. വീയപുരം പോട്ടകളയ്ക്കാട് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നെൽകൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനായി മൂന്നുപേർ ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. നെൽകൃഷി മുതൽ സംഭരണം വരെ നിലനിൽക്കുന്ന എല്ലാ കാര്യങ്ങളിലും നിലനിൽക്കുന്ന പ്രയാസങ്ങൾ, പ്രതിസന്ധികൾ, എവിടെയെല്ലാം ഇടപെടലുകൾ വേണം എന്നുള്ളതിനെക്കുറിച്ച് ഇവർ റിപ്പോർട്ട് നൽകും. ഒക്ടോബർ നാലിന് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്നും മന്ത്രി കൂട്ടി ച്ചേർത്തു.
സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യ വികസനത്തിന് 2022-23 വര്‍ഷത്തെ ദേശീയ പുരസ്കാരം നേടിയ വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രനെ മന്ത്രി ആദരിച്ചു.
പോട്ടകളയ്ക്കാട് പാടശേഖരത്തിനു സമീപം നടന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് ഫിലിപ്പ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം എ. ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന, പ്രസാദ് കുമാര്‍, പി.എ. ഷാനവാസ്, പി.ഡി. ശ്യാമള തുടങ്ങിയവര്‍ പങ്കെടുത്തു.