പാണാവള്ളി ബോട്ട് സ്റ്റേഷനിൽ ബോട്ട് രണ്ടായി പിളർന്നു
1337980
Sunday, September 24, 2023 10:31 PM IST
പൂച്ചാക്കൽ: പാണാവള്ളി ബോട്ടുജെട്ടിയിലെ ജലഗതാഗതവകുപ്പിന്റെ ഉപയോഗശൂന്യമായ ഫൈബർ ബോട്ട് രണ്ടായി പിളർന്നു. തകർന്ന ബോട്ട് വർഷങ്ങളായി പാണാവള്ളി ബോട്ടുജെട്ടിയുടെ പരിസരത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. 45 ലക്ഷം രൂപ വിലവരുന്ന ബോട്ടാണ് സംരക്ഷണമില്ലാതെ മഴയിലും വെയിലിലും കിടന്ന് ദ്രവിച്ചാണ് ബോട്ട് നശിച്ചത്.
ബോട്ട് നീക്കം ചെയ്യാൻ സർക്കാർ ബോട്ട് നിർമിച്ച കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനോട് (കെഎസ് ഐഎൻസി) ആവശ്യപ്പെട്ടെകിലും ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് ബോട്ട് മാറ്റാൻ ആവശ്യമായ നടപടി സർക്കാരും കൈക്കൊണ്ടില്ല. മണ്ണിൽ പൂണ്ടാണ് ബോട്ട് കിടന്നിരുന്നത്. യന്ത്രം ഉൾപ്പെടെയുള്ള ഭാഗം കായലിലാണ്. ബോട്ടിന്റെ വശങ്ങളും അടിത്തട്ടും പൂർണമായി ദ്രവിച്ച് രണ്ടായി പിളരുകയായിന്നു.
ബോട്ട് സ്റ്റേഷനു സമീപം യാത്രാബോട്ട്, സ്പെയർ ബോട്ട് റെസ്ക്യൂ ബോട്ട്, തകരാറാകുന്ന ബോട്ട് എന്നിവക്ക് നങ്കൂരമിട്ടാൽ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ജെട്ടിയുടെ സമീപം നല്ലൊരു ഭാഗം ഉപയോഗശൂന്യമായ ബോട്ട് കവർന്നിരിക്കുകയാണ്. സർവീസ് നടത്തുന്ന ബോട്ടുകൾ ജെട്ടിയിലെ മറ്റ് ബോട്ടുകൾക്ക് സമീപം അടുപ്പിച്ചാണ് മിക്കപ്പോഴും യാത്രക്കാരെ കയറ്റുന്നത്. ബോട്ടിന്റെ ചവിട്ടുപടികൾ കടന്ന് യാത്ര ചെയ്യേണ്ട ബോട്ടിൽ കയറുന്നതിന് പ്രായമുള്ളവർക്കും വിദ്യാർഥികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ജല ആംബുലൻസിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നതിനു മുന്നോടിയായി വർഷങ്ങളായി കെട്ടിയിട്ടിരുന്ന ഉപയോശൂന്യമായ ഫൈബർ ബോട്ട് നീക്കം ചെയ്യുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അത് നടന്നില്ല.തകർന്ന് രണ്ടായി പിളർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ ബോട്ട് ജെട്ടിയിൽനിന്നും നീക്കം ചെയ്ത് മറ്റ് ബോട്ടുകൾക്ക് നങ്കൂരമിടാനുള്ള സാഹചര്യം അധികൃതർ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.