കീച്ചേരിക്കടവ് പാലംപണി അനന്തമായി നീളുന്നു
1337836
Saturday, September 23, 2023 11:30 PM IST
ചെട്ടികുളങ്ങര: ചെന്നിത്തല - ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചന്‍കോവിലാറിനു കുറുകെയുള്ള കീച്ചേരിക്കടവ് പാലത്തിന്റെ പണി അനുവദിച്ച സമയം കഴിഞ്ഞും അനന്തമായി നീളുന്നു. 2021ലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനായിരുന്നു കരാർ. നിര്‍മാണം തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. പാലത്തിനും അനുബന്ധ റോഡിനുമുള്ള വസ്തു ഏറ്റെടുത്ത് കൈമാറുന്നതില്‍ കാലതാമസം വന്നതുകാരണം വസ്തു ഉടമകളുമായി ധാരണാപത്രം ഒപ്പിട്ടാണ് 2021ല്‍ പാലം പണി ആരംഭിച്ചത്.
നഷ്ടപരിഹാരമില്ല
വസ്തുവിന്റെ ഉടമസ്ഥര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ പതിനാറര കോടി രൂപയാണ് പാലത്തിന് നിശ്ചയിച്ചിരിക്കുന്ന ചെലവ്. പാലത്തിനും റോഡിനുമായി സ്ഥലം വിട്ടു നല്കിയവര്ക്കുള്ള നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ലന്ന് ആക്ഷേപവുമുയരുന്നുണ്ട്.
എല്ലാം എളുപ്പമാണ്, ആ പാലമായാൽ
കരിപ്പുഴ, കടവൂര്‍ ഭാഗങ്ങളില്‍നിന്നു തട്ടാരമ്പലം ജംഗ്ഷനില്‍ എത്താതെ ചെന്നിത്തല വഴി മാന്നാർ, തിരുവല്ല ഭാഗങ്ങളിലേക്കു പാലം വരുന്നതോടെ എളുപ്പത്തില്‍ എത്താന്‍ സാധിക്കും. കൂടാതെ തട്ടാരമ്പലം ജംഗ്ഷനില്‍ അനുഭവപ്പെടുന്ന തിരക്കിനും ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമാകുമായിരുന്നു.
പാലത്തിന്റെ ഒരു കര കായംകുളം മണ്ഡലത്തില്‍പ്പെട്ട ചെട്ടികുളങ്ങര പഞ്ചായത്ത് അതിര്‍ത്തിയിലും മറുകര ചെങ്ങന്നൂര്‍ മണ്ഡലത്തില്‍പ്പെട്ട ചെന്നിത്തല പഞ്ചായത്തിലുമാണ്. മന്ത്രി സജി ചെറിയാന് പ്രത്യേക താതിപര്യമെടുത്ത് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പാലം പണിക്ക് അനുമതി നേടിയത്.
കരാറുകാർക്കു നിസംഗത
കാലവര്‍ഷത്തെ തുടര്‍ന്ന് ജൂണ്‍ മുതല്‍ ഏതാനും മാസങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാറുള്ള പ്രദേശമാണെങ്കിലും ഇക്കുറി ആ പ്രശ്നം ഉണ്ടായില്ല.
എന്നാല്‍ ഈ അനുകൂല സാഹചര്യം കരാറുകാര്‍ പ്രയോജനപ്പെടുത്തിയില്ലെന്ന പരാതിയുണ്ട്.
പണി യഥാസമയം തീരാതെ വന്നതിനാല്‍ മേയ് മാസം മുതല്‍ നാലര മാസത്തേക്കു കൂടി പാലം പണിക്കുള്ള സമയം നീട്ടി നല്‍കിയിരുന്നു. ഈ സമയപരിധിയും ഏതാണ്ട് അവസാനിക്കാറായിട്ടും പണി പകുതി മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ.