കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടരുത്: നെൽകർഷക സമിതി സംരക്ഷണസമിതി
1336785
Tuesday, September 19, 2023 10:47 PM IST
മങ്കൊമ്പ്: നെല്ലുവില കിട്ടാതായതോടെ ജീവനൊടുക്കിയ നെൽകർഷകൻ കെ.ആർ. രാജപ്പന്റെ നിര്യാണത്തിൽ നെൽകർഷക സംരക്ഷണസമിതി അനുശോചിച്ചു. സമിതി ഭാരവാഹികൾ വണ്ടാനത്തുള്ള രാജപ്പന്റെ വീടുസന്ദർശിച്ചു.
കർഷകന്റെ പണം ലഭ്യമാക്കാൻ ആത്മഹത്യ ചെയ്യാൻ വരെ നോക്കി നിൽക്കരുതെന്നും ഇനിയെങ്കിലും നെൽകർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സമിതി പ്രവർത്തകർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കാർഷികമേഖലയിലെ മുതിർന്ന പൗരന്മാരെ ചേർത്തു നിർത്തുകയും കർഷകരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കയും വേണം സാമ്പത്തികപരാധീനതയും കുടുംബത്തിന്റെ രോഗാതുരമായ അവസ്ഥയിലും പിടിച്ചുനിൽക്കാനാകാതെ ആത്മഹത്യ ചെയ്ത രാജപ്പൻ സഹോദരന്റെ കുടുംബത്തിലെ ഒരു അംഗത്തിനു സർക്കാർ ജോലി നൽകി സഹായിക്കണം.
കാൻസർ രോഗിയായ അദ്ദേഹത്തിന്റെ മകന് സർക്കാർ വിദഗ്ധ ചികിത്സ നൽകുകയും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
നെൽകർഷക സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് റെജിന അഷറഫ്, വി.ജെ. ലാലി, ജയിംസ് കല്ലുപാത്ര, ലാലിച്ചൻ പള്ളുവാതുക്കൽ, ഷാജി മുടന്താഞ്ഞിലി, മാത്യൂസ് തോമസ്, സുനു പി. ജോർജ്, സോണിച്ചൻ പുളിങ്കുന്ന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജപ്പന്റെ വീടു സന്ദർശിച്ചത്.