പമ്പിംഗ് സബ്സിഡി കുടിശിക ഉടൻ കൊടുത്തുതീർക്കണമെന്ന്
1336594
Tuesday, September 19, 2023 12:05 AM IST
മങ്കൊമ്പ്: കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിലമൊരുക്കലിന്റെ ഭാഗമായി വെള്ളം വറ്റിക്കുന്നതിനു സർക്കാരിൽനിന്നു ലഭിക്കേണ്ട പമ്പിംഗ് സബ്സിഡി കുടിശിക അടിയന്തരമായി തന്നുതീർക്കണമെന്ന് പമ്പിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മങ്കൊമ്പിൽ നടന്ന അസോസിയേഷൻ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്.
നിരവധി കടമ്പകൾ താണ്ടിയാണ് പമ്പിംഗിനുള്ള കരാർ ഏൽക്കുന്നത്. പുഞ്ച സ്പെഷൽ ഓഫീസിൽ നടക്കുന്ന പരസ്യലേലത്തിൽ എഗ്രിമെന്റ് വച്ചു ലേലം ഏൽക്കണം. തുടർന്ന് നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. കൃഷിയുടെ അവസാനം വിളവെടുപ്പിനുശേഷം ആവശ്യമായ ഉദ്യോഗസ്ഥരുടെ സമ്മതപത്രമടക്കം ബില്ലുകൾ സമർപ്പിക്കണം. ഇതിനായി പാടശേഖരസമിതി, കൃഷി ഓഫീസ്, വില്ലേജ് ഓഫീസ്, പുഞ്ച സ്പെഷ്യൽ ഓഫീസ്, വൈദ്യുതി വകുപ്പ്, താലൂക്ക് ഓഫീസ് തുടങ്ങിയ ഓഫീസുകൾ കയറിയിറങ്ങണം. ഇതിനു മാസങ്ങളെടുക്കും.
ഇത്തരം നടപടികൾ പൂർത്തിയാക്കിയിട്ടും മൂന്നുവർഷം വരെയുള്ള സബ്സിഡിത്തുക കുടിശികയായി തുടരുകയാണ്. 2021-22 വർഷത്തിൽ പാസാക്കിയ 600 ൽപരം ബി ഫാറങ്ങളിൽ 200 എണ്ണം മാത്രമാണ് ബില്ലുകൾ പാസായി തുക ലഭിച്ചിട്ടുള്ളത്. രണ്ടു കൃഷിയിറക്കുന്ന പാടശേഖരങ്ങളിൽ ഇരട്ടിത്തുകയാണ് കരാറുകാർക്കു ലഭിക്കാനുള്ളത്. സാധാരണക്കാരയ കർഷകർ തന്നെയാണ് ഈ മേഖലയിൽ കരാറെടുക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇക്കൂട്ടർ സാമ്പത്തിക സ്ഥാപനങ്ങളിൽനിന്ന് അമിത പലിശയ്ക്കും മറ്റു വ്യക്തികളിൽ നിന്നുമെല്ലാം കടം വാങ്ങിയാണ് കാര്യങ്ങൾ നടത്തുന്നത്. തുടർന്ന് ജോലികൾ നടത്തിക്കൊണ്ടുപോകാൻ മോട്ടോർ ഓപ്പറേറ്റർമാർക്കും അനുബന്ധ തൊഴിലാളികൾക്കും വേതനം കൊടുക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. തങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്ന് പല പമ്പിംഗ് കരാറുകാർ യോഗത്തിൽ പറഞ്ഞു. ഈ മേഖലയിൽ തങ്ങൾ നിലനിൽക്കണമെങ്കിൽ കുടിശികത്തുക പൂർണമായും ഉടനടി തന്നുതീർക്കാൻ മുഖ്യമന്ത്രി, വകുപ്പു മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ഇടപെടണമെന്നു യോഗം ആവശ്യപ്പെട്ടു.
മന്ത്രിമാരെയും, ഉദ്യോഗസ്ഥരെയും നേരിൽകണ്ട് നിവേദനം നൽകാൻ യോഗത്തിൽ തീരുമാനമായി. അസോസിയേഷൻ പ്രസിഡന്റ് ഇ.ആർ. രാജീവൻ, സെക്രട്ടറി ജയിംസ് കല്ലുുപാത്ര, വൈസ് പ്രസിഡന്റ് ജോയിച്ചൻ കൊല്ലംപറമ്പിൽ, ജോയിന്റ് സെക്രട്ടറി സക്കറിയ തോമസ്, ട്രഷറർ എ.ഡി. മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.