കാർഷികമേഖല സ്ഫോടനാത്മക അന്തരീക്ഷത്തിലെന്ന് കേരള കോൺഗ്രസ്
1336593
Tuesday, September 19, 2023 12:05 AM IST
മങ്കൊമ്പ്: നെൽ കാർഷികമേഖല അഭിമുഖീകരിക്കുന്ന സ്ഫോടനാത്മക അന്തരീക്ഷത്തിന്റെ പ്രതിഫലനമാണ് കെ. ആർ. രാജപ്പൻ എന്ന കർഷകൻ ജീവനൊടുക്കിയ സംഭവത്തിലൂടെ വെളിവാകുന്നതെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. നെല്ലു സംഭരണത്തിലെ സർക്കാർ പിടിപ്പുകേടിന്റെയും നിസംഗതയുടെയും ഒടുവിലത്തെ ഇരയാണ് രാജപ്പൻ. വണ്ടാനം നീലുകാട് ചിറയിൽ കെ. ആർ. രാജപ്പന്റെ ഭവനം പുതുശേരിയും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാമും സന്ദർശിച്ച ശേഷം പ്രതികരിക്കുകയാ യിരുന്നു പുതുശേരി.
നെല്ല് സംഭരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ വിലയായ 1,14,395 രൂപ ഇനിയും കിട്ടാനുണ്ടെന്ന വസ്തുത നിലനിൽക്കുമ്പോൾ സർക്കാർ അവകാശവാദങ്ങളുടെ പൊള്ളത്തരം വ്യക്തമാവുകയാണ്. അസുഖബാധിതനായ മകന്റെ ചികിത്സാച്ചെലവിനുപോലും ഇത് ഉപകരിക്കില്ലെന്നു വരുമ്പോൾ പിതാവിനുണ്ടാകുന്ന മനോവ്യഥയുടെ ആഴം അനുഭവിക്കുന്നവനേ അറിയൂ. ദാരുണമായ ഈ സംഭവം സർക്കാരിന്റെ കണ്ണു തുറപ്പിക്കണം. ഇനി ഇത്തരമൊരു സംഭവം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം.
വയോധികനായ ആ കർഷകനെ ഇത്തരം ഒരു സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് നിലനിൽക്കാൻ ആവശ്യമായ സഹായധനം അനുവദിക്കണമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.