അരികിലുണ്ട് ഡെങ്കി; ജാഗ്രതാ നിർദേശം
1301693
Sunday, June 11, 2023 2:35 AM IST
ആലപ്പുഴ: ഇടവിട്ടു മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണമെന്ന് അധികൃതർ. കഴിഞ്ഞമാസം മാത്രം ജില്ലയിൽ 22 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഡെങ്കി കേസുകൾ പത്തിൽ താഴെ മാത്രമായിരുന്നു. ഈ മാസം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നേരിയ വർധനയുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണം.
ഉറവിട നശീകരണം
എല്ലാ വെള്ളിയാഴ്ചയും വിദ്യാലയങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഉറവിട നശീകരണം നടത്തണം. ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടങ്ങൾ, ആൾത്താമസം ഇല്ലാത്ത വീടുകളുടെ പരിസരം, ആക്രിക്കടകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഉറവിട നശീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കൊതുക് , കൂത്താടി നിയന്ത്രണം ഉറപ്പാക്കുക. പകൽ സമയത്തു പ്രത്യേകിച്ചു രാവിലെയും വൈകുന്നേരവും കൊതുകുകടി ഏല്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആഴ്ച തോറും മുട്ടകൾ വിരിഞ്ഞു കൊതുകുകൾ പെരുകാൻ ഇടയുള്ളതിനാൽ എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കണം.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പനി, തലവേദന, കണ്ണിനു പുറകിൽ വേദന, ശക്തിയായ പേശി വേദന, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവ ഡെങ്കപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്. കൊതുകുവല ഉപയോഗിക്കുക.
ഡെങ്കിപ്പനി ഉള്ള ഒരാളെ കടിക്കുന്ന കൊതുക് ജീവിതകാലം മുഴുവൻ ഇടുന്ന മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കൊതുകുകളും രോഗവാഹകരായിരിക്കും. സ്വയം ചികിത്സ അരുത്. തുടർച്ചയായ ഛർദി, വയറുവേദന, കറുത്ത മലം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നു രക്തസ്രാവം, രക്തസമ്മർദം താഴുക, ശ്വാസംമുട്ടൽ തുടങ്ങിയവ അപായ സൂചനകൾ ആണ്. പ്രായമായവർ, കുഞ്ഞുങ്ങൾ, മറ്റു രോഗങ്ങൾക്കു ചികിത്സ എടുക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
കൊതുകിനെ തുരത്തുക
ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുന്ന ഈഡിസ് കൊതുകുകൾ ആണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉറവിട നശീകരണം ആണ്. വീടിനു പുറത്തുള്ള ഉപയോഗശൂന്യമായി കിടക്കുന്ന പൊട്ടിയ പാത്രങ്ങൾ, ചിരട്ട, മുട്ടത്തോട്, കരിക്കിൻതൊണ്ട്, ടയർ ഇവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
കെട്ടിടങ്ങളുടെ ടെറസ്, സൺ ഷെയ്ഡ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടന്നാലും കൊതുകു പെരുകും. വീടിനകത്ത് അലങ്കാര ചെടികൾ വളർത്തുന്ന കുപ്പികളിലെ വെള്ളം, ഫ്രിഡ്ജിനു പിറകിലെ ട്രേ ഇവയൊക്കെ കൊതുകിന്റെ ഉറവിടങ്ങളാണ്. നമ്മുടെ ശ്രദ്ധ എത്താത്ത ഇടങ്ങളിൽ വെള്ളം തങ്ങി നിന്നു കൊതുകു പെരുകാനിടയുണ്ട്. അതുകൊണ്ടു വീടിനു പുറത്തും അകത്തും കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും കണ്ടെത്തി ഉറവിട നശീകരണം നടത്തണം. നിർമാണ പ്രവർത്തനം നടക്കുന്ന ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പാക്കണം.