വൃത്തിയാക്കിയില്ല; കാർത്തികപ്പള്ളി തോട്ടിലെ നീരൊഴുക്ക് നിലച്ചു
1301689
Sunday, June 11, 2023 2:25 AM IST
ഹരിപ്പാട്: കാലവർഷം ശക്തമാകുന്നതിനിടയിൽ നീരൊഴുക്ക് നിലച്ചു കാർത്തികപ്പള്ളി തോട്. മഴക്കാലപൂർവ തെളിക്കൽ നടക്കാതിരുന്നതാണ് കാരണം. ഏതാനും വർഷം മുന്പ് കുട്ടനാട് പ്രളയത്തിൽ മുങ്ങിയതോടെയാണ് മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്ന തോടുകൾ ചർച്ചാവിഷയമായത്. മഴക്കാലത്തിനു മുന്പേ തോടുകൾ തെളിച്ചു ആഴം കൂട്ടിയാൽ പ്രളയം ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്നു വിദഗ്ധർ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടു മഴക്കാലത്തിനു മുന്നോടിയായി തോടുകളുടെ ആഴം കൂട്ടുകയും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുകയും ചെയ്യണമെന്നു സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ, ഇത് ഏറെ അത്യാവശ്യമായ കുട്ടനാട്ടിൽ പലേടത്തും നടന്നിട്ടില്ലെന്നാണ് ആരോപണം.
പോളയും പായലും
കാർത്തികപ്പള്ളി- ഡാണാപ്പടിയുടെ ഹൃദയഭാഗത്തുകൂടി കടന്നു പോകുന്ന കൊപ്പാറ - കാർത്തികപ്പള്ളി തോട് ഇപ്പോൾ പോളയും പായലും കയറി നീരൊഴുക്ക് നിലച്ച നിലയിലാണ്.
ഒഴുക്കുനിലച്ചതോടെ തോടിന്റെ പല ഭാഗങ്ങളും ആളുകൾ കൈയേറി. ചിലർ മരങ്ങൾ വച്ചുപിടിപ്പിച്ചു.
ഇതോടെ പലേടത്തും വീതിയും തീരെ കുറഞ്ഞു. പോളകൾ കെട്ടിക്കിടക്കുന്നത് കൂടാതെ തോടിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന മരക്കൊമ്പുകളും തോട്ടിലേക്കു വീണു കിടക്കുന്ന സ്ഥിതിയാണ്. കരുവാറ്റ കൊപ്പാറ മുതൽ കാർത്തികപ്പള്ളി ജംഗ്ഷൻ വരെ ഇതേ അവസ്ഥയാണ്.
കണ്ണടച്ച് അധികൃതർ
പമ്പയാറിന്റെ കൈവഴിയായി കിടക്കുന്ന പ്രസിദ്ധമായ കാർത്തികപ്പള്ളി തോട് കായംകുളം കായലിലാണ് സംഗമിക്കുന്നത്. നീരൊഴുക്ക് തടസപ്പെടുന്ന പോളകളും മറ്റും നീക്കം ചെയ്തില്ലെങ്കിൽ കാലവർഷം ശക്തമാകുന്നതോടെ ജനവാസ കേന്ദ്രങ്ങളിലെ കരകൃഷിയെയും മറ്റും ഇതു സാരമായി ബാധിക്കും. കരുവാറ്റ, ചെറുതന, ഹരിപ്പാട് നഗരസഭ, കുമാരപുരം, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽകൂടിയാണ് തോട് കടന്നുപോകുന്നത്.
എന്നാൽ, ഈ പഞ്ചായത്തുകൾ തോടിന്റെ സംരക്ഷണത്തിനോ സുഗമമായ നീരൊഴിക്കിനോ ഒന്നും ചെയ്യുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.