കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കും: മന്ത്രി എം.ബി. രാജേഷ്
1301688
Sunday, June 11, 2023 2:25 AM IST
ആലപ്പുഴ: 2024 മാർച്ച് 31 ഓടെ കേരളത്തെ സമ്പൂർണ മാലിന്യമുക്ത ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി എം.ബി. രാജേഷ്. ‘വൃത്തി ആലപ്പുഴയുടെ അഭിവൃദ്ധി' ആലപ്പുഴ സമ്പൂർണ ശുചിത്വമണ്ഡലം ഒന്നാംഘട്ട പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ നിയമസഭാ മണ്ഡലത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ മണ്ഡലമായി അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു. പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പി.പി. ചിത്തരഞ്ജൻ എംഎൽഎയെ വേദിയിൽ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിന് അഭിമാനമാണ് പല കാര്യങ്ങളിലും ആലപ്പുഴ. എന്നാൽ, കേരളത്തിന്റെ പൊതു പുരോഗതിക്ക് അനുസരിച്ച് മുന്നോട്ടുപോക്ക് ഉണ്ടാകാത്ത ഒരു മേഖലയാണ് മാലിന്യസംസ്കരണം. സമ്പൂർണ വെളിയിട വിസർജന വിമുക്ത പ്ലസ് പദ്ധതിയിൽ 99.54 ശതമാനം പഞ്ചായത്തുകൾക്കും നേട്ടം കൈവരിക്കാൻ സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
മാലിന്യം പൊതു സ്ഥലത്ത് തള്ളിയാൽ കർശനമായ നിയമനടപടികളിലേക്കു സർക്കാർ കടക്കുകയാണ്. മാലിന്യം തള്ളുന്നതിന്റെ ചിത്രം എടുത്ത് നൽകിയാൽ മാലിന്യം തള്ളുന്നവരിൽ നിന്ന് ചുമത്തുന്ന പിഴയുടെ 25 ശതമാനം കുറ്റകൃത്യത്തിന്റെ ചിത്രം അയച്ചു നൽകുന്ന വ്യക്തിക്ക് കൊടുക്കാനുള്ള നിയമനിർമാണം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എഐ കാമറ വന്നത് വഴിയരികിൽ മാലിന്യം തള്ളുന്ന മലയാളിയുടെ സംസ്കാരത്തിനു കുറവുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ മുഴുവൻ ഹരിത കർമസേന പ്രവർത്തകരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. ശുചിത്വ പദ്ധതിയുടെ ബോധവത്കരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ ശുചിത്വവർണങ്ങൾ ചിത്രരചന മത്സരം, ഷോർട്ട് ഫിലിം ഫെസ്റ്റ് എന്നിവയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
പാട്ടുകളം ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് എന്നിവർ പങ്കെടുത്തു.