പൂച്ചാക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ വെള്ളക്കെട്ട്
1301682
Sunday, June 11, 2023 2:19 AM IST
പൂച്ചാക്കൽ: പോസ്റ്റ് ഓഫീസിനു മുന്നിലെ വെള്ളക്കെട്ടു മൂലം ഓഫീസിനകത്ത് പ്രവേശിക്കണമെങ്കിൽ ചാടിക്കടക്കേണ്ട അവസ്ഥയാണ് ഉദ്യോഗസ്ഥർക്കും വരുന്നവർക്കും. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വലിയ വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടത്. രാവിലെ മുതൽ പോസ്റ്റ് ഓഫീസിലും സമീപത്തെ റേഷൻകടയിലും നിരവധി പേരാണ് എത്തുന്നത്.
എന്നാൽ, വെള്ളക്കെട്ടുമൂലം അകത്തേക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. മഴ തുടങ്ങിയപ്പോഴെ ഈ അവസ്ഥയാണെങ്കിൽ മഴ ശക്തി പ്രാപിക്കുമ്പോൾ കടകൾ തുറക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുമെന്ന് വ്യാപാരികൾ പറയുന്നു. മഴവെള്ളം ഒഴുകിപ്പോകുന്നതിനായി പൂച്ചാക്കൽ തോടുമായി ബന്ധിപ്പിച്ച് കാന നിർമിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ വെള്ളം ഒഴുകി പോകാത്ത അവസ്ഥയാണ്. മഴക്കാലപൂർവ പ്രവർത്തനങ്ങൾ യഥാസമയം നടത്താത്തതാണ് വെള്ളക്കെട്ട് ഉണ്ടാവുന്നത് എന്നാണ് വ്യാപാരികൾ പറയുന്നത്. വാഹനങ്ങൾ പോകുമ്പോൾ ചെളിയും വെള്ളവും സമീപത്തെ കടകളിലേക്കും യാത്രക്കാരുടെ ശരീരത്തിലേക്കും തെറിക്കുന്നത് സ്ഥിരം സംഭവമാണ്.