ആറുവയസുകാരിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി ; അമ്മയെയും യുവതിയെയും വധിക്കാനും പദ്ധതിയിട്ടു
1301424
Friday, June 9, 2023 11:15 PM IST
മാവേലിക്കര: ആറുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന നിഗമനത്തിലേക്ക് പോലീസ്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകള്‍ ലഭിച്ചതായാണ് പോലീസിന്റെ വിശദീകരണം. ശ്രീമഹേഷ് സംഭവദിവസത്തിന് മുന്‍പ് ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകളില്‍ മഴു തെരഞ്ഞിട്ടുണ്ട്. കൂടാതെ കൊലപാതകം സംബന്ധിച്ച് തെരച്ചിൽ നടത്തിയിരുന്നതായാണ് ഇയാളുടെ ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരമെന്നാണ് അറിയുന്നത്.
മഴു ഓണ്‍ലൈനില്‍ ലഭിക്കാതിരുന്നതുകൊണ്ടാണ് പുരയിടത്തിലേക്ക് വളര്‍ന്നിരിക്കുന്ന വേരുവെട്ടി മാറ്റാന്‍ എന്ന വ്യാജേന പ്രദേശവാസിയെക്കൊണ്ട് മഴു പണിയിപ്പിച്ചത്.
പദ്ധതി പാളിയപ്പോൾ
രക്ഷപ്പെട്ടതു രണ്ടു ജീവൻ
നക്ഷത്രയെ കൂടാതെ മാതാവിനെയും വിവാഹാലോചന നിരസിച്ച വനിതാ പോലീസ് കോണ്‍സ്റ്റബിളിനെയും വകവരുത്താനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ മഹേഷിന്റെ മാതാവ് സുനന്ദയെ ആക്രമിച്ചപ്പോള്‍ കരച്ചിൽ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് മഹേഷിന്റെ പദ്ധതി പാളിയത്. അല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ രണ്ട് ജീവനുകള്‍കൂടി പൊലിയുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
വൈവാഹിക പംക്തിയില്‍ പരസ്യം കൊടുത്ത് പരിചയപ്പെട്ട വനിത പോലീസ് ഉദ്യോഗസ്ഥയുമായുള്ള വിവാഹം ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ വീട് മോടി പിടിപ്പിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ പുന്നമൂട്ടില്‍ എത്തി അന്വേഷിച്ചപ്പോള്‍ മഹേഷിന്റെ മദ്യപാനം ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തെക്കുറിച്ചും മനോവൈകൃതങ്ങളെക്കുറിച്ചും അറിഞ്ഞതോടെ ബന്ധം വേണ്ട എന്ന തീരുമാനത്തില്‍ അവര്‍ എത്തുകയായിരുന്നു. എന്നാല്‍ ഇതിനകംതന്നെ ഇയാള്‍ യുവതിയുമായി അടുത്തിരുന്നു. ഈ യുവതിയെ നക്ഷത്ര അമ്മയെന്നായിരുന്നു വിളിച്ചിരുന്നതെന്നും ശ്രീമഹേഷ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇവര്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിന് പിന്നാലെ ശ്രീമഹേഷ് ഇവരെ പിന്തുടര്ന്ന് ശല്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച കേസും നിലവിലുണ്ട്.
എന്നാല്‍ കൊലപാതകത്തിന് മൂന്ന് ദിവസം മുന്‍പ് വനിത പോലീസ് ഉദ്യോഗസ്ഥയെ കാണാനായി ശ്രീമഹേഷ് തിരുവനന്തപുരത്ത് പോയിരുന്നുവെന്നും ഇതു സംബന്ധിച്ച് മാവേലിക്കര സ്റ്റേഷനില്‍ വിളിച്ച് അവര്‍ പരാതിപ്പെട്ടിരുന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.
പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വിവാഹം മുടങ്ങിയതിലുള്ള പ്രതികാരമാകാം പ്രതി കൃത്യമായ ആസൂത്രണത്തോടെ കൊല നടത്താനുണ്ടായ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മയുമായും പ്രതിക്ക് ശത്രുതയുണ്ടായിരുന്നതായി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്.